
ആഗ്ര: മോസ്ക്കിന്റെ നാലു മിനാരങ്ങളും അജ്ഞാതര് തകര്ത്തതിനെ തുടര്ന്ന് അലഗഡില് വന് പോലീസ് സന്നാഹം. തിങ്കളാഴ്ച രാത്രിയില് നടന്ന സംഭവത്തിന്റെ വാര്ത്തകള് പുറത്തുവന്നതിന് പിന്നാലെ ഇവിടെ സംഘര്ഷം പുകയുകയാണ്. സംഭവത്തില് പോലീസ് അജ്ഞാതരെ പ്രതിയാക്കി കേസ് എടുത്ത് അന്വേഷണം തുടങ്ങി. സ്ഥലത്ത് വന് പോലീസ് സന്നാഹമുണ്ട്.
ഉടന് തന്നെ മിനാരം കേടുപാടുകള് പരിഹരിക്കാന് നിര്ദേശവും പോലീസ് നല്കിക്കഴിഞ്ഞു. അന്വേഷണം നടന്നുവരികയാണെന്നും കുറ്റവാളികളെ ഉടന് പിടികൂടുമെന്നും പോലീസ് പറഞ്ഞിട്ടുണ്ട്. പതിവ് പോലെ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് താന് ദര്ഗ വിട്ടുപോയതെന്ന് ദര്ഗയുടെ സംരക്ഷകന് ബന്നേഷാ എന്ന 65 കാരന് പറഞ്ഞു.
ചാരാ ഭാമോരി ഗ്രാമങ്ങള്ക്ക് നടുവിലാണ് ദര്ഗ സ്ഥിതി ചെയ്യുന്നത്. ഭാമോരി ജില്ലയിലെ വീട്ടില് നിന്നും തിരിച്ചുവരുമ്പോള് മിനാരങ്ങള് തകര്ന്ന നിലയില് കണ്ടെന്നും ഉടന് താന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നെന്നും ബന്നേ ഷാ പറഞ്ഞു. 200 വര്ഷം പഴക്കമുളള ഒരു കല്ലറ ഈ ദര്ഗയിലുണ്ടെന്നും ഇവിടെ മുസ്ളീങ്ങള്ക്ക് പുറമേ ഹിന്ദുക്കള് ഉള്പ്പെടെ മറ്റു വിശ്വാസത്തില് ഉള്ളവരും പ്രാര്ത്ഥിക്കാന് വരാറുണ്ടെന്നും ഷാ പറയുന്നു.
വിവരം അറിഞ്ഞ് ഓടിയെത്തിയവരില് അനേകം ഹിന്ദുക്കള് ഉണ്ടായിരുന്നെന്നും കുറ്റവാളികളെ ഉടന് അറസ്റ്റ് ചെയ്യണമെന്നും അധികൃതര് പറഞ്ഞിട്ടുണ്ട്. അതേസമയം മദ്യപിച്ച് ലക്കുകെട്ടവര് ചെയ്ത പ്രവര്ത്തിയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥരായ ചരയും കൃഷ്ണന്പാല് സിംഗും പറയുന്നത്.







Comments