
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ വിജയത്തുടക്കവുമായി ചാംപ്യന്മാര് മാഞ്ചസ്റ്റര്‍ സിറ്റി. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് സിറ്റി തോല്‍പ്പിച്ചത് ബേണ്‍ലിയെയാണ്. ഹാളണ്ടിന്റെ ഇരട്ടഗോളിന് പുറമേ റോഡ്രിയും സിറ്റിയ്ക്കായി സ്കോര്‍ ചെയ്തു.
കളിയുടെ നാലാം മിനിറ്റില്‍ തന്നെ ഗോളടിച്ച ഹാളണ്ട് ആദ്യപകുതിയില്‍ തന്നെ തന്റെ രണ്ടാം ഗോളും നേടി. കഴിഞ്ഞ സീസണില്‍ ഇംഗ്ളീഷ് ചാംപ്യന്മാര്ക്കായി 52 ഗോളുകള്‍ നേടിയ ഹാളണ്ട് നിര്‍ത്തിയിടത്ത് നിന്നും തുടങ്ങുകയായിരുന്നു. മത്സരത്തില്‍ കെവിന് ഡെബ്രൂയന് പരിക്കേറ്റത് സിറ്റിയെ വലച്ചു. മാറ്റിയോ കോവാസിച്ച് പകരക്കാരനായി എത്തി.
ഇന്ന് ആറ് മത്സരങ്ങള്‍ നടക്കും. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാര്‍ ആഴ്സണല്‍ നോട്ടിങ്ങാം ഫോറസ്റ്റിനെ നേരിടുമ്പോള്‍ ബേണ്‍മൗത്തും വെസ്റ്റാം യുണൈറ്റഡും നേര്‍ക്കുനേര്‍ വരും. എവര്ട്ടണ് ഫുള്‍ഹാമാണ് എതിരാളികള്‍. ഷെഫീല്‍ഡ് യുണൈറ്റഡും ക്രിസ്റ്റല്‍ പാലസും ന്യൂകാസില്‍ യുണൈറ്റഡ് ആസ്റ്റണ്‍വില്ല മത്സരവും ഇന്ന് നടക്കുന്നുണ്ട്.





