
ന്യൂഡല്‍ഹി: രാജ്യം നാളെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെ ഡല്‍ഹി കനത്ത സുരക്ഷാ വലയത്തില്‍. പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയിലും പോകുന്ന വഴിയിലുമായി നഗരത്തില്‍ 10,000-ത്തിലധികം പൊലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.
നഗരത്തിലുടനീളം യാതൊരുവിധത്തിലുമുള്ള തടസങ്ങളില്ലാതെ ആഘോഷങ്ങള്‍ ഉറപ്പാക്കാന്‍ മതിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആന്റി-സാബോട്ടേജ് ചെക്ക്, ആക്സസ് കണ്ട്രോള്, ആന്റി ടെറര്‍ സ്ക്വാഡ് എന്നിവയെല്ലാം സുരക്ഷാ വിഭാഗങ്ങളിലുണ്ട്.
പ്രധാന ചടങ്ങുകള്‍ നടക്കുന്ന ചെങ്കോട്ടയില്‍ വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകള്‍ നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വര്‍ഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.
സാമൂഹ്യമാധ്യമ പേജുകളില്‍ ഇന്ത്യന്‍ പതാക മുഖചിത്രമാക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. സ്വന്തം അക്കൗണ്ടുകളിലെ മുഖചിത്രം മാറ്റിക്കൊണ്ട് പ്രധാനമന്ത്രി അക്കാര്യം നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ പതാകയുടെ ചിത്രമാണ് മോദി മുഖചിത്രമാക്കിയിരിക്കുന്നത്.





