
ചെറുതോണി: സൈനികാവശ്യങ്ങള്ക്കുപയോഗിക്കുന്ന കൊയാക്സില്‍ ഹെലികോപ്റ്ററിന്റെ കുഞ്ഞന്മാതൃക ഒരുക്കിയിരിക്കുകയാണ് കര്‍ഷകനും ലെയ്ത്ത് ജീവനക്കാരനുമായ ഇടുക്കി ഡബിള്‍ കട്ടിങ് സ്വദേശി തോപ്പില്‍ ബിജു. നാലുവര്‍ഷം കൊണ്ടാണ് ബിജു പറക്കാന്‍ കഴിയുന്ന ഹെലികോപ്റ്റര്‍ എന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.
ഒരിക്കല്‍പോലും ഹെലികോപ്റ്ററിന്റെ ഉള്ളില്‍ കയറിയിട്ടില്ലാത്ത ബിജു തന്റെ സ്വന്തം ആശയങ്ങള്‍ കൊണ്ടും പരീക്ഷണങ്ങളിലൂടെയുമാണ് ഹെലികോപ്റ്റര്‍ എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. കോടിക്കണക്കിന് രൂപ വിലവരുന്ന കൊയാക്സില്‍ മോഡല്‍ കുഞ്ഞന്‍ ഹെലികോപ്റ്റര്‍ 7 ലക്ഷത്തിലധികം രൂപ മുടക്കിയാണ് ബിജു നിര്‍മിച്ചത്. കാര്‍ഷികവൃത്തിയില്‍നിന്ന് ലഭിക്കുന്ന വരുമാനവും ലെയ്ത്ത് ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനവും മാതാപിതാക്കള്‍ നല്കിയ സഹായവും എല്ലാം ചേര്‍ത്താണ് ഹെലികോപ്റ്റര്‍ നിര്‍മിച്ചത്.
ഹെലികോപ്റ്ററിന്റെ നിര്‍മാണത്തില്‍ ആദ്യാവസാനം പിതാവ് ജോസഫും അമ്മ ലീലാമ്മയും ബിജുവിന് ഒപ്പം ഉണ്ടായിരുന്നു. ഹെലികോപ്റ്റര്‍ അടുത്ത് നിന്ന് കണ്ട പരിചയം മാത്രമുള്ള ബിജു ഇന്റര്‍നെറ്റിന്റെ സഹായത്തോടെയും സ്വന്തമായി നടത്തിയ പരീക്ഷണത്തിലൂടെയുമാണ് സ്വപ്നം സാക്ഷാത്കരിച്ചിരിച്ചത്.
കാറിന്റെ എന്‍ജിനാണ് ഹെലികോപ്ടറില്‍ ഘടിപ്പിച്ചിരിക്കുന്നത്. പെട്രോളാണ് ഇന്ധനം. ഹെലികോപ്ടറിന്റെ പങ്ക തിരിയുന്ന ഗിയര്‍ബോക്സ് ഉണ്ടാക്കുന്നതിനാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിട്ടെന്നും ബിജു പറയുന്നു. സാധാരണ മാര്‍ക്കറ്റില്‍ ലഭിക്കുന്ന വസ്തുക്കള്‍ ആണ് ഹെലികോപ്റ്ററിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ഒരാള്‍ക്ക് കയറിയിരുന്ന് 10 അടി ഉയരത്തില്‍ പറത്താന്‍ കഴിയുന്ന തരത്തിലാണ് ഹെലികോപ്ടര്‍ നിര്‍മാണം. എന്നാല്‍ സുരക്ഷാപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ റിമോട്ട് കണ്ട്രോളിന്റെ സഹായത്തോടെ ഒരാഴ്ചയ്ക്കുള്ളില്‍ ഹെലികോപ്റ്ററിന്റെ പരീക്ഷണ പറക്കല്‍ നടത്തുന്നതിനാണ് ബിജുവിന്റെ തീരുമാനം.






