
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച ധാരണാപത്രത്തിന്റെ പേര് പറഞ്ഞ് യു.ഡി.എഫ് സര്‍ക്കാര്‍ ആര്‍.എസ്.എസിന് മുന്നില്‍ കീഴടങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ്. ഒപ്പിട്ട ധാരണാപത്രത്തില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന വാദം തെറ്റാണെന്നും പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ട് 20 ദിവസത്തിനകം തന്നെ അത് മരവിപ്പിച്ചുകൊണ്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. കേന്ദ്രത്തിന്റെ വിവേചനപരമായ നയങ്ങള്‍ക്കെതിരെ നിലകൊണ്ട ചരിത്രമാണ് മുന്‍ സര്‍ക്കാരിനുള്ളതെന്നും എന്‍സിഇആര്‍ടി വെട്ടിമാറ്റിയ ഗാന്ധിവധം ഉള്‍പ്പെ ടെയുള്ള ഭാഗങ്ങള്‍ അഡീഷണല്‍ പാഠപുസ്തകമായി കുട്ടികളെ പഠിപ്പിച്ചത് കഴിഞ്ഞ സര്‍ക്കാരാണെന്നും പറഞ്ഞു.
മുന്‍പ് പ്രതിപക്ഷത്തിരുന്നപ്പോള്‍ പദ്ധതിക്കെതിരേ വീറോടെ സംസാരിച്ചിരുന്ന എന്‍. ഷംസുദ്ദീന്‍ ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ മനസ്സാക്ഷി ക്കുത്തോടെയാണ് സംസാരിക്കുന്നതെന്നും പരിഹസിച്ചു. മന്ത്രിയുടെ പ്രസംഗത്തില്‍ ആ വിഷമം പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ അധികാരത്തിലുള്ളവര്‍ മുന്‍പ് പറഞ്ഞിരുന്ന വീരവാദങ്ങളെല്ലാം മറന്ന് കേന്ദ്രത്തിന് മുന്നില്‍ ലജ്ജാകരമായി കീഴടങ്ങുകയാണെന്നും, ഇതിന് പിന്നില്‍ വലിയ ഒത്തുകളി നടക്കുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷത്തെ പി. പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയില്‍ നിന്ന് പിന്മാറാ ത്തതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയതോടെ സഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ ശക്തമായി പ്രതിഷേധിക്കുകയും ഒടുവില്‍ സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. 2025 ഒക്ടോബറിലാണ് മുന്‍ സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടതെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോയില്ല. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും കേരളത്തില്‍ പി എം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ല എന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്നും പ്രതിപക്ഷം പറഞ്ഞു.
കരാര്‍ ഒപ്പിട്ട ശേഷം സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനോ, പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ കൈമാറാനോ, മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കാനോ മുന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാന്‍ രഹസ്യമായി കരുക്കള്‍ നീക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.






