
ബെംഗളൂരു: മാനസിക വെല്ലുവിളി നേരിടുന്ന 23 വയസ്സുകാരിയുടെ ഗർഭപാത്രം നീക്കാൻ അനുമതി നൽകി കർണാടക ഹൈക്കോടതി. മാസവാര ശുചിത്വം പാലിക്കാൻ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കൾ കോടതിയെ സമീപിച്ചത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് അനുകൂല വിധി ഉണ്ടായത്.
രോഗിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്ന് വ്യക്തമായതിനാലും, ഗർഭപാത്രം നീക്കം ചെയ്യുന്നത് അവളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും അന്തസിനും സുരക്ഷയ്ക്കും അനുകൂലമാകുമെന്ന് മെഡിക്കൽ തെളിവുകൾ വ്യക്തമാക്കുന്നതിനാലുമാണ് അനുമതി നൽകിയതെന്ന് ജസ്റ്റിസ് സൂരജ് ഗോവിന്ദൻ ഉത്തരവിൽ വ്യക്തമാക്കി.
മെഡിക്കൽ പരിശോധനകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലിന്റെ ഭാഗമായാണ് തീരുമാനമെന്നും, ഒരു വ്യക്തിക്ക് വൈകല്യമുണ്ട് എന്നതിന്റെ പേരിൽ മാത്രം ഇത്തരം ശസ്ത്രക്രിയകൾ അനുവദിക്കുന്നതായി ഇതിനെ കാണരുതെന്നും കോടതി നിരീക്ഷിച്ചു.






