
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാര്‍ വധക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നീ പ്രതികള്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ആയുധം ഉപയോഗിച്ചതിന് 10 വര്‍ഷം തടവും വിധിച്ചു. രണ്ട് പ്രതികളും 2.40് ലക്ഷം രൂപ വീതം പിഴയൊടുക്കണം. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. നീചമായ കൃത്യമാണ് പ്രതികള്‍ നടത്തിയതെന്നും വധശിക്ഷയ്ക്ക് മാര്‍ഗരേഖ കൊണ്ടുവന്നത് കൊണ്ട് മാത്രമാണ് അത്തരമൊരു ശിക്ഷ നല്‍കാത്തതെന്നും വിധി പ്രസ്താവം വായിക്കുന്നതിനിടെ കോടതി വ്യക്തമാക്കി.
12 പ്രതികളില്‍ അറസ്റ്റിലായ 11 പേരില്‍ ഒമ്പത് പേരെ കോടതി കഴിഞ്ഞ ദിവസം വെറുതെവിട്ടിരുന്നു. ഒന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ചു കയറല്‍, മാരകമായി മുറിവേല്പിക്കല് തുടങ്ങിയ വകുപ്പുകളാണ് രണ്ടും മൂന്നും പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2018 മാര്‍ച്ച് 27 പുലര്‍ച്ചെ രണ്ടരയോടെയാണ് കിളിമാനൂര്‍ മടവൂരിലുള്ള റെക്കോഡിങ് സ്റ്റുഡിയോയില്‍ കയറി ഒരുസംഘം ആളുകള്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഖത്തറിലെ വ്യവസായിയായ അബ്ദുള്‍ സത്താറിന്റെ മുന്‍ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന സൗഹൃദലുണ്ടായ സംശയമാണ് ക്വട്ടേഷന്‍ പിന്നിലെ കാരണം. ഒന്നാം പ്രതിയാണ് സത്താര്‍.






