ന്യുഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും സിബിഐ. കേസില്‍ ശിക്ഷ അനുഭവിക്കേ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹര്‍ജി കോടതി ഓഗസ്റ്റ് 25ന് കേള്‍ക്കും.
ആരോഗ്യപരമായ കാരണങ്ങളാലായിരുന്നു ജാര്‍ഖണ്ഡ് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നത്. കുംഭകോണവുമായി ബന്ധപ്പെട്ട് നാല് കേസുകളില്‍ ലാലു പ്രസാദ് ശിക്ഷിക്കപ്പെട്ടിരുന്നു. ഇതിനെതിരായ അപ്പീല്‍ വിവിധ കോടതികളിലുണ്ട്.
ലാലു പ്രസാദ് മുഖ്യമന്ത്രിയായിരിക്കേ ബിഹാറിലെ വിവിധ ട്രഷറികള്‍ വഴി കാലിത്തീറ്റയുടെ പേരില്‍ 950 കോടി രുപ തട്ടിയെടുത്തുവെന്നാണ് കേസ്. മൃഗസംരക്ഷണ വകുപ്പിന്റെ പേരിലുള്ള വ്യാജ ബില്ലുകള്‍ നല്‍കിയാണ് പണം തട്ടിയത്. 1996ല്‍ ചായ്ബാസ ഡിഎസ്പി അമിത് ഖരെയാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
ജോലിക്ക് ഭൂമി അഴിമതി കേസില്‍ കഴിഞ്ഞ മാസം സിബിഐ ലാലു പ്രസാദിനും ഭാര്യ റാബ്റി ദേവിക്കുകം മകനും ബിഹാര്‍ ഉപമുഖ്യമ്രന്തിയായ തേജസ്വി യാദവിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ലാലു പ്രസാദ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കേ 2004-2009ല്‍ റെയില്‍വേയില്‍ ജോലി നല്കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പകരം ഭൂമി കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് കേസ്. തുച്ഛമായ വിലയ്ക്ക് യാദവ കുടുംബത്തിന് ഇവര്‍ ഭൂമി കൈമാറുകയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്നില്‍ കണ്ട് പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിക്കുന്നതിന് മുന്നില്‍ നില്ക്കുന്ന നേതാക്കളാണ് ലാലു പ്രസാദും തേജസ്വിയും. ജൂണ്‍ 23ന് ഇവരുടെ പ്രയത്നത്തില്‍ 16പ്രതിപക്ഷ കക്ഷികളുടെ യോഗം ബിഹാറില്‍ നടന്നിരുന്നു. ജൂലായ് 17-18 തീയതികളില്‍ ബംഗലൂരുവില്‍ ചേര്‍ന്ന യോഗത്തില്‍ 10 കക്ഷികള്‍ കൂടി പങ്കാളികളായി. ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്യൂസീവ് അലയന്‍സ് (ഇന്ത്യ) എന്ന പേര് സഖ്യം സ്വീകരിക്കുകയും ചെയ്തിരുന്നു.






