
മറയൂര്‍: ശീതകാല പച്ചക്കറികേന്ദ്രമായ കാന്തല്ലൂരിലും വട്ടവടയിലും ഓണത്തിനു നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ കൃഷി ചെയ്ത പച്ചക്കറി കര്‍ഷകര്‍ ദുരിതത്തില്‍. മാര്‍ക്കറ്റില്‍ വിലക്കയറ്റം ഉണ്ടായിട്ടും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വില. ഇടനിലക്കാര്‍ കൊള്ള ലാഭം ഉണ്ടാക്കുന്നതായാണ് കര്‍ഷകരുടെ പരാതി.
കഴിഞ്ഞദിവസം വി.എഫ്.പി.സി.കെ സംഭരണ കേന്ദ്രത്തില്‍ ലേലത്തിനായി എത്തിച്ച മുരിങ്ങ ബീന്‍സ് ഇടനിലക്കാര്‍ വില താഴ്ത്തി ചോദിച്ചതോടെ വിറ്റഴിക്കാന്‍ പറ്റാതെ വന്ന സാഹചര്യത്തില്‍ ഒരു ടണ്‍ ബീന്‍സ് ഇടനിലക്കാരന് നല്കി. ഇത് തമിഴ്നാട്ടില്‍ കൊണ്ടുപോയി വിറ്റഴിക്കുകയും ചെയ്തു.
വിളവെടുത്ത ബീന്‍സ് എങ്ങനെങ്കിലും വിറ്റഴിക്കണമെന്ന അവസ്ഥയില്‍ തമിഴ്നാട്ടില്‍ എത്തിച്ചു വിറ്റഴിച്ച ശേഷം കിട്ടുന്ന വില കര്‍ഷകര്‍ക്ക് നല്കിയാല് മതിയെന്ന് സാഹചര്യത്തിലാണ് കയറ്റിവിട്ടത്.
പത്ത് ദിവസം മാത്രമാണ് ഇനി ഓണത്തിന് ഉള്ളപ്പോള്‍ സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങള്‍ ഒന്നും തന്നെ പച്ചക്കറികള്‍ എടുക്കാന്‍ തയാറല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
വര്‍ഷങ്ങളായുള്ള കുടിശിക ഹോട്ട്കോര്പ് ഇതുവരെ നല്‍കിയില്ല എന്നുള്ള ആരോപണവും കര്‍ഷകര്‍ ഉന്നയിക്കുന്നു. കഴിഞ്ഞ ആഴ്ച ഒരു കിലോ മുരിങ്ങ ബീന്‍സിന് 80 രൂപ ലഭിച്ചപ്പോള്‍ വി.എഫ്.പി.സി.കെ സംവരണ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ 20 രൂപയ്ക്കാണ് ചോദിച്ചത്. ഇത് മുടക്കുമുതല്‍ പോലും കിട്ടില്ല. ഒരുഭാഗത്ത് ഇത്തരത്തില്‍ വിലയിടിയാന്‍ കാരണം ഇടനിലക്കാരുടെ ചൂഷണമാണെന്നും പറയുന്നു.
കര്‍ഷകരെ കരകയറ്റാന്‍ സര്‍ക്കാറിന്റെ ഒട്ടേറെ സംഭരണകേന്ദ്രങ്ങളും വിപണികളുമുണ്ടെങ്കിലും ആരുംതന്നെ പ്രദേശത്തെത്തി കര്‍ഷകരുമായി ആലോചന നടത്താനോ സംഭരിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്യാനോ തയറാകുന്നില്ല. ഇതനാലാണ് കര്‍ഷകരുടെ ദുരിതം മാറാതെ നിലനില്‍ക്കുന്നത്.
ഇത്തരത്തിലുള്ള പ്രവണത തുടരുമ്പോള്‍ കൃഷിപ്പാടങ്ങളെല്ലാം തരിശുഭൂമിയായി മാറുന്നു. സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാകുന്നില്ല. ഓണത്തിന് നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഏക്കര്‍ കണക്കിനു കൃഷിപ്പാടങ്ങളില്‍ വിളയിച്ച പച്ചക്കറികള്‍ കൃഷിപ്പാടത്തു കിടന്ന് നശിക്കുകയാണ്.
പച്ചക്കറികള്‍ വാങ്ങുന്ന ഇടനിലക്കാര്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയാണ് വിപണനം നടത്തുന്നതും. അവിടെനിന്നും വ്യാപാരികള്‍ വാങ്ങി തിരിച്ച് കേരളത്തില്‍ എത്തിക്കേണ്ട ഗതികേടും നിലനില്‍ക്കുന്നുണ്ട്.






