
ശ്രീനഗര്‍: ഇന്ത്യ വീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്ന റിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ സൈന്യം. പാക് അധീന കശ്മീരില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്നും എട്ടു ഭീകരരെയും അനേകം ലോഞ്ച് പാഡുകളും നശിപ്പിച്ചെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടത് ദൈനിക് ജാഗരണ്‍ ആയിരുന്നു.
ശനിയാഴ്ച രാത്രി അനേകം എസ്എഫ് കമാന്റോകള്‍ അതിര്‍ത്തി കടന്ന് കോള്ട്ടിയിലേക്ക് പോയെന്നും ആക്രമണം നടത്തിയെന്നുമായിരുന്നു ജാഗരന്റെ റിപ്പോര്‍ട്ട്.
അതേസമയം പ്രതിരോധ മന്ത്രാലയം ഈ വാര്‍ത്ത തള്ളിയിട്ടുണ്ട്. അത് സര്‍ജിക്കല്‍ സ്ട്രൈക്ക് ആയിരുന്നില്ലെന്നും പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം തകര്‍ക്കുകയായിരുന്നു എന്നുമാണ് വിശദീകരണം. ജമ്മു കശ്മീരിലെ ബലാക്കോട്ട് സെക്ടറില്‍ നിന്നും അനേകം തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായതായിട്ടാണ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
അതിര്‍ത്തി രേഖ ലംഘിച്ച് കടക്കാന്‍ രണ്ടു തീവ്രവാദികള്‍ നടത്തിയ ശ്രമം സൈന്യം തിരിച്ചറിഞ്ഞിരുന്നതായി തിങ്കളാഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാലാവസ്ഥ, പുകമഞ്ഞ്, കുറ്റിക്കാട് മറ്റു സൗകര്യങ്ങളെല്ലാം ഉപയോഗിച്ച് ബാലാക്കോട്ടെയിലെ ഹാമിര്പൂറിലേക്ക് അതിക്രമിച്ച കടക്കാന്‍ ഭീകരര്‍ ശ്രമം നടത്തിയെന്നാണ് സൈന്യം പറയുന്നത്.
ജമ്മുവിലെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളും കശ്മീര്‍ പോലീസും നല്കിയ വിവരം ബലാക്കോട്ട് സെക്ടറില്‍ നിന്നും അതിര്‍ത്തി രേഖയ്ക്ക് അടുത്ത് ഭീകരര്‍ കാത്തിരിക്കുന്നു എന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പുലര്‍ത്തുകയായിരുന്നു എന്നാണ് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.
ഭീകരര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ സൈന്യം കനത്ത വെടിവെയ്പ്പ് നടത്തുകയും അവരെ പിന്തിരിപ്പിക്കുകയും ചെയ്തു. അതില്‍ ഒരാള്‍ അതിര്‍ത്തിരേഖയ്ക്ക് അടുത്തുവെച്ച് താഴെ വീണു. തുടര്‍ന്ന് സൈന്യം ഇവിടേയ്ക്ക് ചെല്ലുകയും പരിശോധന നടത്തുകയും ചെയ്തു. പിന്നീട് ഉച്ചയ്ക്ക് ശേഷം കാലാവസ്ഥ മെച്ചപ്പെട്ടപ്പോള്‍ ഇവിടെ കൂടുതല്‍ പരിശോധനകളും നടത്തി.
ഇതില്‍ ഒരു എ.കെ. 47 തോക്ക് കണ്ടെത്തി. അതിനൊപ്പം പാകിസ്താന് നിര്‍മ്മിത മരുന്നുകള്‍, രണ്ടു മാസികകള്‍, രണ്ടു ഗ്രനേഡുകള്‍, രക്തക്കറയും തെരച്ചിലില്‍ കണ്ടെത്തി. ഈ വെടിവെയ്പ്പില്‍ ഒരു തീവ്രവാദിയെങ്കിലും മരണമടഞ്ഞിരിക്കാമെന്നാണ് നിഗമനം.






