
കൊച്ചി: എറണാകുളം അങ്കമാലി അതിരുപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കണമെന്ന് രാജ്കോട്ട് മുന്‍ ബിഷപ് ഗ്രിഗറി കരോട്ടെമ്പ്രേല്‍ സിഎംഐ. സിറോ മലബാര്‍ സിനഡിലെ ബിഷപ്പുമാര്‍ക്കാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. ഒരു മുതിര്‍ന്ന ബിഷപ്പെന്ന നിലയില്‍, എറണാകുളം അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കണം. കാരണം ഇത് അസാധാരണമായ സാഹചര്യമാണ്. ഇവിടെ അസാധാരണമായ പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.
നല്ലയിടയനെ പോലെ ആടുകളെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പച്ചയായ പുല്‍മേട്ടിലേക്ക് നയിക്കാന്‍ നമ്മുക്ക് കഴിയണമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
ഈ നാളുകളില്‍ സിറോ മലബാര്‍ സഭയില്‍ നടക്കുന്ന സംഭവങ്ങള്‍ ഏറെ ഹൃദയവേദനയും ആശങ്കയും സൃഷ്ടിക്കുന്നു. ഇതിന്റെ ഉത്തരവാദി ആരാണ്? ഇത് എന്തായി തീരും? ആശങ്കാകുലരായ ജനങ്ങളുടെ വികാരങ്ങളും മനസ്സിലാക്കാന്‍ നമ്മുക്ക് കഴിയണം.
സിനഡ് ഏകീകൃത കുര്‍ബാനക്രമം നടപ്പാക്കുന്നത് വരെ വിശുദ്ധ കുര്‍ബാനയുടെ ആഘോഷം വളരെ ഭംഗിയായി നടന്നുവരികയായിരുന്നു. രൂപതകളില്‍ ഐക്യവും ധാരണയുമുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും ഏകീകൃത കുര്‍ബാന പ്രാര്‍ത്ഥനകളാണ് പിന്തുടരുന്നത്. ജനങ്ങളെ അഭിമുഖീകരിക്കണോ അള്‍ത്താരയെ അഭിമുഖീകരിക്കണോ എന്നത് മാത്രമാണ് തര്‍ക്കം. വിവിധ രൂപതകളില്‍ കുര്‍ബാനയുടെ ആഘോഷത്തില്‍ ഉള്ള ചെറിയ വ്യത്യാസങ്ങള്‍ മനസ്സിലാക്കാനും സ്വീകരിക്കാനുള്ള വിദ്യാഭ്യാസമുള്ളവരാണ് വിശ്വാസികള്‍. വിവിധ മേഖലകളില്‍ വ്യത്യസ്തങ്ങളായ ആചരങ്ങളും പാരമ്പര്യങ്ങളുമുണ്ട്. വൈവിധ്യമാണ് സഭയുടെ സൗന്ദര്യം. നാനാത്വത്തിലുള്ള ഏകത്വം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
വ്യത്യസ്ത കാഴ്ചപ്പാടുകളോടു കൂടിയ വിശ്വാസങ്ങളേയും മനസ്സിലാക്കാനും പഠിക്കാനും പിന്തുടരാനും ഉള്‍ക്കൊള്ളാനുമാണ് പോപ്പ് ഫ്രാന്‍സിസ് പറയുന്നത്. സഭ ഏകാധിപതിയോ പ്രമാണിയോ അല്ല. അവിടെ സംഭാഷണത്തിന്റെയും അനുരഞ്ജനത്തിന്റെയും മാര്‍ഗമാണ് വേണ്ടത്. അല്ലാതെ അടിച്ചമര്‍ത്തലിന്റേയും സംഘടനത്തിന്റേതുമല്ല. നമ്മുടെ അഹന്തയും പ്രദേശികവാദവും മാറ്റിവച്ച് സമാധാനത്തിന്റെയും ഐക്യത്തിന്റെയും മാര്‍ഗം സ്വീകരിക്കാം. 'ഐക്യരൂപത്തേക്കാളുപരി ഐക്യമാണ് വേണ്ടത്.
നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രാതീതമായി. പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. അല്ലാത്തപക്ഷം സ്ഥിതിഗതികള്‍ സിറോ മലബാര്‍ സഭയ്ക്ക് ക്ഷതം വരുത്തിവയ്ക്കുമെന്ന് അദ്ദേഹം കത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് ജേക്കബ് തൂങ്കുഴിയും അനാഭിമുഖ കുര്‍ബാന തുടരാന്‍ അതിരൂപതയ്ക്ക് അനുവാദം നല്‍കണമെന്ന് സിനഡിനോട് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, അതിരുപതയുമായി തര്‍ക്കം പരിഹരിക്കുന്നതിന് സിനഡ് രൂപീകരിച്ച ബിഷപ്പുമാരുടെ സമിതി ഇന്ന് വൈദികരെ കാണുകയാണ്. മാര്‍പാപ്പയുടെ പ്രതിനിധിയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ച 12 അംഗ അഡ്ഹോക് കമ്മിറ്റിയേയും മറ്റ് മൂന്ന് വൈദികരെയുമാണ് നിവേദിത പാസ്റ്ററല്‍ ഹൗസില്‍ നടക്കുന്ന ചര്‍ച്ചയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
തര്‍ക്കം രൂക്ഷമായി മാറിയ സാഹചര്യത്തില്‍ അതിരൂപതയിലെ ഇടവകകളില്‍ നിന്നുള്ള പള്ളിയോഗ പ്രതിനിധി സമ്മേളനവും ഇന്ന് ചേരുന്നുണ്ട്. വൈകിട്ട് കലൂര്‍ റിന്യുവല്‍ സെന്ററില്‍ ചേരുന്ന പ്രതിനിധി യോഗത്തില്‍ അതിരൂപതയുടെ നിലപാടുകളും ഇടവകകളുടെ ഭാവിയും സംബന്ധിച്ചള നിര്‍ണായക തീരുമാനങ്ങളുണ്ടായേക്കും.






