
മുംബൈ : എന്‍സിപിയില്‍ പിളര്‍പ്പുണ്ടായിട്ടില്ലെന്നും അജിത് പവാര്‍ ഇപ്പോഴും പാര്‍ട്ടിയുടെ നേതാവെന്നും ശരദ് പവാര്‍. നേരത്തെ എന്‍സിപി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ സമാനമായ അഭിപ്രായം പറഞ്ഞിരുന്നു.
പ്രതിപക്ഷ പാർട്ടികളുടെ യോഗം മുംബൈയിൽ നടക്കാനിരിക്കെ വിവാദ പ്രസ്താവനയുമായി ശരദ് പവാർ. ദേശീയ തലത്തിൽ വലിയൊരു വിഭാഗം അടർന്ന് മാറിയാലാണ് പിളർപ്പെന്ന് പറയാനാവുക. ഇവിടെ അതുണ്ടായിട്ടില്ല. ചിലർ വ്യത്യസ്ത നിലപാടെടുത്തു.
ജനാധിപത്യം അത് അനുവദിക്കുന്നുണ്ട്. അജിത് ഇപ്പോഴും നേതാവാണെന്നും പാർട്ടി ഒറ്റക്കെട്ടെന്നും പവാർ വിശദീകരിച്ചത് ഇങ്ങനെയെല്ലാം പറഞ്ഞാണ്. ഒന്നുകിൽ യഥാർഥ പാർട്ടി തന്റെതാണെന്ന അവകാശ വാദം, അല്ലെങ്കിൽ അജിത്തിനൊപ്പം ബിജെപി പാളയത്തിലേക്ക് പോവുമെന്ന സൂചന .
യഥാർഥ പാർട്ടി ശരദ് പവാറിനൊപ്പമാണ്. എൻസിപി ബിജെപിയോടൊപ്പമല്ലെന്നും സുപ്രിയ പറഞ്ഞു .എന്നാൽ അജിത് പവാറുമായി രഹസ്യകൂടിക്കാഴ്ച നടത്തിയതും, മോദിക്കൊപ്പം വേദി പങ്കിട്ടതും അടക്കം സമീപകാലത്ത് ശരദ് പവാർ നടത്തുന്ന നീക്കങ്ങളെല്ലാം സഖ്യകക്ഷികളിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ആ മുറിവ് വലുതാക്കുന്നതാണ് പവാറിന്റെ ഇന്നത്തെ പ്രതികരണം.






