
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ തന്റെ ദുരനുഭവങ്ങള്‍ വിവരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ബാഗ്പത് പോലീസ് സ്റ്റേഷനിലെ ഓംവീര്‍ സിങ് എന്ന കോണ്‍സ്റ്റബിളാണ് തന്റെ യാതനകള്‍ തുറന്നുപറയുന്നത്. പോലീസുകാരുടെ ജീവിതത്തില്‍ ആഭ്യന്തരവകുപ്പിന് ഏറ്റവും കുറഞ്ഞ ആശങ്കയേയുള്ളുവെന്നാണ് ഓംവീര്‍ സിങ് വീഡിയോയില്‍ അപലപിക്കുന്നത്.
പോലീസുദ്യോഗസ്ഥര്‍ നേരിടുന്ന ചില പ്രശ്നങ്ങള്‍ സമൂഹത്തിന്റെ മുന്നില്‍ എടുത്തുകാണിക്കുകയാണു വീഡിയോയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ''രണ്ടു വര്‍ഷത്തിനിടെ പന്ത്രണ്ടോളം കോണ്‍സ്റ്റബിള്‍മാര്‍ യു.പിയില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാല്‍, ഒരുദ്യോഗസ്ഥനും ഇതിനെതിരേ പ്രതികരിച്ചിട്ടില്ല. അയോധ്യയിലും മീററ്റിലുമായി രണ്ടു പോലീസുകാര്‍ കഴിഞ്ഞ ദിവസവും ജീവനൊടുക്കി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.?''- കോണ്‍സ്റ്റബിള്‍ ചോദിക്കുന്നു.
തന്റെ ജീവിതത്തിലെ ഹൃദയഭേദകമായ ഒരു സന്ദര്‍ഭത്തെക്കുറിച്ചും ഓംവീര്‍ സിങ് വീഡിയോയില്‍ വിവരിക്കുന്നുണ്ട്. ജൂലൈ 20 ന് സഹോദരി മരിച്ചപ്പോള്‍ അവധിക്ക് അംഗീകാരം ലഭിക്കാതിരുന്നത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നാണ് അദ്ദേഹം പറയുന്നത്. യു.പിയില്‍ പോലീസുകാരുടെ പോസ്റ്റിങ് വളരെ ദൂരെയാണ്. ഈ സമ്പ്രദായം മാറ്റി, വീടിനടുത്തു താമസിക്കാനും കുടുംബകാര്യങ്ങള്‍ കൂടി നോക്കാനും അവസരം നല്‍കണമെന്ന അഭ്യര്‍ഥനയും ഓം വീറിന്റെ വീഡിയോയിലുണ്ട്.
സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് കോണ്‍സ്റ്റബിളിന്റെ വീഡിയോയോടു പ്രതികരിക്കുന്നത്. വീഡിയോ തന്റെ ഹൃദയം തകര്‍ക്കുന്നതായി ഒരാള്‍ ഇതേക്കുറിച്ചെഴുതി. യു.പി. മുഖ്യമന്ത്രി പ്രശ്നത്തെ ഗൗരവമായി കാണുമെന്നു പ്രതീക്ഷിക്കുന്നതായി വേറെ ചിലരും കുറിച്ചിട്ടുണ്ട്.
പോലീസ് വകുപ്പിനുള്ളില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യകളിലേക്കു വെളിച്ചം വീശുന്നതാണ് വൈറലായ വീഡിയോ. അപമാനം, പീഡനം, അവധിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ തുടങ്ങിയവ സി.ആര്.പി.എഫില്‍ ആത്മഹത്യകള്‍ കൂടിവരുന്നതിന്റെ കാരണങ്ങളായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ടാസ്ക് ഫോഴ്സ് നേരത്തെ കണ്ടെത്തിയിരുന്നു.






