
തിരുവനന്തപുരം: നാടും നഗരവും ഉത്രാടപ്പാച്ചിലിലേക്ക് നീങ്ങുമ്പോഴും ഓണക്കിറ്റ് കിട്ടാതെ മൂന്നരലക്ഷത്തോളം പേര്. ഇന്ന് തന്നെ കിറ്റ് വിതരണം പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെയാണ് ഉത്രാടമായിട്ടും ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍ തുടരുന്നത്.
ഇനിയും 3,27,737 പേര്‍ക്ക് കൂടി കിറ്റ് വിതരണം നടത്താനുണ്ട്. ഓണം പ്രമാണിച്ച് റേഷന്‍ കടകള്‍ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ ഇടവേളയില്ലാതെ പ്രവര്‍ത്തിക്കും. കഴിഞ്ഞദിവസം റേഷന്‍ കടകളിലെ ഇ - പോസ് മെഷീനും തകരാറിലായിരുന്നു. ഇത് കിറ്റ് വിതരണത്തെയും പ്രതികൂലമായി ബാധിച്ചു. കണക്ക് പ്രകാരം ഉത്രാടത്തിന്റെ തലേനാള്‍ അടക്കം 2,59,944 കിറ്റുകളാണ് ആകെ വിതരണം ചെയ്തത്.
മില്‍മയുടെ പായസം മിക്സും റെയ്ഡ്കോയുടെ കറിപൊടികളും എത്താത്തതായിരുന്നു കിറ്റ് വിതരണത്തില്‍ തടസ്സമുണ്ടാക്കി ആദ്യം നേരിട്ട പ്രശ്നം. ഇത് മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിംഗ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അതേസമയം ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.






