
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടപ്പ് പ്രചാരണത്തിനായുള്ള രണ്ടാം വരവില്‍ ഓണക്കിറ്റിനെ ആയുധമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തവണയും വിവാദ ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചതേ ഇല്ല. ഒന്നാംഘട്ട പ്രചാരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിവരിക്കാനായിരുന്നു മുഖ്യമന്ത്രി ശ്രമിച്ചിരുന്നത്.
ഇന്നലെ മീനടം, കൂരോപ്പട, മണര്‍കാട് എന്നിവിടങ്ങളിലായിരുന്നു പിണറായി വിജയന് പങ്കെടുത്ത രണ്ടാംഘട്ട കണ്വന്ഷന്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയുടെ മറുപടി ഉണ്ടാകുമെന്നാണു പ്രതീക്ഷിച്ചിരുന്നത്.
മുഖ്യമന്ത്രി ആദ്യം എത്തിയ ദിവസം തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഏഴു ചോദ്യങ്ങളുമായി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നതായിരുന്നു സതീശന്റെ ആവശ്യം. എന്നാല്‍, യു.ഡി.എഫ്. ഉയര്‍ത്തിയ ഒരു ചോദ്യത്തിനും രണ്ടാം ഘട്ട കണ്‍വന്‍ഷനില്‍ പോലും മറുപടി ഉണ്ടായില്ല.
ഇന്നലെ മൂന്നിടത്തും കിറ്റ് വിതരണത്തിന് പ്രാധാന്യം നല്‍കിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. സംസ്ഥാനത്ത് ആറു ലക്ഷത്തിലധികം ഓണ ക്കിറ്റുകള്‍ കൊടുത്തതായി പിണറായി പറഞ്ഞു. കിറ്റിനെ എപ്പോഴും ഭയപ്പെടുന്ന ഒരു കൂട്ടരുണ്ട്. കിറ്റെന്ന് കേള്‍ക്കുന്നത് അവര്‍ക്ക് ഭയമാണ്. അത്തം മുതല്‍ ഓണം വരെ ഏഴു കോടി രൂപയുടെ കച്ചവടമാണ് സൈപ്ലകോ വില്പനശാലകളില് മാത്രമായി നടന്നത്.
ആകെ 170 കോടിയുടെ കച്ചവടം നടന്നു. 10 ദിവസങ്ങളില്‍ 32 ലക്ഷം കാര്‍ഡുടമകളാണ് സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങിയത്. സൈപ്ലകോയ്ക്കെതിരേ വ്യാജപ്രചരണം നടത്താന്‍ പുറപ്പെട്ടവരുടെ മുഖത്തേറ്റ അടിയാണിതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
ഓണം വല്ലാത്ത ഒരു കാലഘട്ടത്തിലാണ് മുന്പില് വന്നത്. ഏതെല്ലാം തരത്തില്‍ നമ്മുടെ സംസ്ഥാനത്തെ ഞെരുക്കാനാകും എന്ന് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഘട്ടമാണ്. ഈ കേന്ദ്ര സര്‍ക്കാരിനെതിരേ ഒരു വാക്ക് മിണ്ടാന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ല. കേരളത്തെ തകര്‍ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആക്ഷേപം.
മാസങ്ങളായി പത്രസമ്മേളനമില്ലാതെ, വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാതെ മാറി നില്ക്കുന്ന മുഖ്യമന്ത്രി പങ്കെടുക്കുന്ന രാഷ്ട്രീയ പരിപാടിയില്‍ അദ്ദേഹം രാഷ്ട്രീയം മാത്രം പറയുമോ, വ്യക്തിപരമായ ആരോപണങ്ങള്‍ക്കു മറുപടി നല്‍കുമോ എന്നു കാത്തിരിക്കുകയായിരുന്നു ഏവരും. മകള്‍ക്കെതിരായ ആരോപണം ഉള്‍പ്പെടെ കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയുമോ എന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.






