
തിരുവനന്തപുരം: കേരളത്തിലെ കര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും പണം കിട്ടാന്‍ എടുക്കുന്ന കാലതാമസം നേരിടുന്നുണ്ടെന്നും ഭക്ഷ്യവകുപ്പു മന്ത്രി ജി.ആര്. അനില്‍. കേന്ദ്രസര്‍ക്കാരില്‍ നിന്നും 637.6 കോടി രൂപ കിട്ടാനുണ്ടെന്നും പി.ആര്.എസ്. വായ്പ ഒരു കര്‍ഷനും ബാദ്ധ്യതയാകുന്നതല്ലെന്നും ഇനി കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ളത് 216 കോടി രൂപ മാത്രമാണെന്നും പറഞ്ഞു.
തിരുവനന്തപരുത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. നെല്‍ കര്‍ഷകരുടെ പണം നല്‍കാതെ സര്‍ക്കാര്‍ അവരെ വലയ്ക്കുന്നെന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് മറുപടിയുമായി അദ്ദേഹം എത്തിയത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും പണം കിട്ടാന്‍ ആറുമാസം മുതല്‍ എട്ടുമാസം വരെ സമയം എടുക്കുന്നുണ്ടെന്നും ഇത് പരിഹരിക്കാനായി ബാങ്കുകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം കിട്ടുന്ന തുകയാണ് വായ്പയെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നതെന്നും പറഞ്ഞു.
ബാങ്കുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ബാങ്കുകളാണ് നെല്ലു സംഭരണത്തിന് കര്‍ഷകര്‍ക്ക് പണം നല്‍കുന്നത്. അത് വായ്പയായിട്ടാണ് നല്കുന്നതെങ്കിലൂം ഒരു രൂപ പോലും ഇക്കാര്യത്തില്‍ കര്‍ഷകര്‍ അടയ്ക്കേണ്ടി വരുന്നില്ല. ആ പണം പൂര്‍ണ്ണമായും അടയ്ക്കുന്നത് സര്‍ക്കാരാണ്. പിആര്‍എസ് വായ്പയുടെ പേരില്‍ ഒരു കര്‍ഷകനും ബാധ്യത വരില്ലെന്നും പറഞ്ഞു.
കൃഷ്ണപ്രസാദിന് കൊടുക്കാനുള്ള തുക രണ്ടുമാസത്തിന് മുമ്പ് തന്നെ പണമായി നല്‍കിയതാണെന്നും പറഞ്ഞു. ഈ ഓണത്തിന് മുമ്പ് തന്നെ എല്ലാ കര്‍ഷകര്‍ക്കും പണം കൊടുക്കാനുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നെല്ല് ജൂലൈ മാസം സംഭരിച്ചതാണെങ്കില് പോലും 50,000 താഴെ തുകയാണ് കൊടുക്കാനുള്ളതെങ്കില്‍ അത് പൂര്‍ണ്ണമായും നല്‍കിയിട്ടുണ്ടെന്നും ഇതുവരെ 1854 കോടിരൂപ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.






