
ഇതിഹാസതാരം ലിയോണേല്‍ മെസ്സി വീണ്ടും തിളങ്ങിയ മത്സരത്തില്‍ ഇന്റര്മയാമിയ്ക്ക് മൂന്ന്ഗോള് ജയം. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ ലോസ് ഏഞ്ചല്‍സ് എഫ് സിയെ 3-1 നായിരുന്നു മിയാമി വീഴ്ത്തിയത്. കളിയില്‍ മെസ്സി ഗോളടിച്ചില്ലെങ്കിലും രണ്ടു ഗോളിനും അസിസ്റ്റുമായി താരം തിളങ്ങി. ഫാകു ഫാരിയസും, ജോര്‍ഡി ആല്‍ബയും കമ്പാനയും ഗോളടിച്ചു.
കളിയുടെ 13 ാം മിനിറ്റില്‍ ഇന്റര്‍മയാമി മുന്നിലെത്തിയിരുന്നു. ടോട്ടോ അവിലേസ് നീട്ടിക്കൊടുത്ത പന്തില്‍ ഫാകു ഫരിയാസിന്റെ അസാധ്യമായ ഫിനിഷായിരുന്നു ടീമിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയില്‍ 50 ാം മിനിറ്റില്‍ ബുസ്ക്കറ്റ്സ്, മെസ്സി, ആല്‍ബ മുന്‍ ബാഴ്സിലോണ ത്രയത്തിന്റെ നീക്കത്തിലൂടെ ഗോള്‍ വന്നു. ബുസ്ക്കറ്റ്സില് നിന്നും കിട്ടിയ പാസ്സില്‍ മെസ്സിയുടെ ഒരു മികച്ച ത്രൂബോള്‍ ആല്‍ബ അനായാസം വലയിലെത്തിച്ചു ടീമിന് ലീഡ് നേടിക്കൊടുത്തു.
കളിയുടെ 82 ാം മിനിറ്റില്‍ മയാമി മൂന്നാം ഗോളും നേടി. ഇത്തവണ മെസ്സി ബോക്സിലേക്ക് തനിച്ച് കയറിവന്ന് തളികയില്‍ വെച്ചു കൊടുത്ത പന്ത് ലിയോ കമ്പാന ഗോളാക്കി മാറ്റി. കളിയുടെ അവസാന മിനിറ്റില്‍ ലോസ് ഏഞ്ചല്‍സ് എഫ് സി റയാന് ഹോളിംഗ്ഷെഡിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചു. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍രഹിത സമനിലയാണ് മയാമി നേരിട്ടത്. ഈ മാസം 10 ാം തീയതി അടുത്ത മത്സരത്തില്‍ അവര്‍ സ്പോര്‍ട്ടിംഗ് കെ.സിയെ നേരിടും. ലീഗ് ടേബിളില്‍ 14 ാം സ്ഥാനത്താണ് ഇന്റര്‍മയാമി ഇപ്പോള്‍ നില്‍ക്കുന്നത്.






