
പട്ടിണി പാവങ്ങളുടെ പടനായകൻ, ജനങ്ങളുടെ കണ്ണിലുണ്ണി, പ്രിയങ്കരനായ ജനനായകൻ, എന്നൊക്കെ പൊതുസമൂഹം രാഷ്ട്രീയ നേതാക്കളെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ അത്തരം വിശേഷണങ്ങൾക്കൊക്കെ അപ്പുറത്ത് ക്ഷേമ രാഷ്ട്ര ഭരണാധികാരി എന്ന സങ്കല്പത്തിന്റെ മിത്തായി മലയാളി കരുതുന്ന മാവേലി തമ്പുരാൻറെ പ്രതി പുരുഷനായാണ് ഉമ്മൻചാണ്ടി കേരളത്തിലെ ജനങ്ങളെ സേവിച്ചിരുന്നത് എന്നതിൻറെ ദൃഷ്ടാന്തമാണ് രണ്ടു പകലുകളും ഒരു രാത്രിയും ഉൾപ്പെടുന്ന 38 മണിക്കൂറിൽ പ്രിയപ്പെട്ട ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം ഒരു നോക്കു കാണുവാൻ കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾമഴയെത്തും രാത്രിയിലും നട്ടപ്പാതിരയിലും പുലർച്ചയ്ക്കും നീണ്ടുനീണ്ടു പോയ മണിക്കൂറുകളിൽ കാത്തു കാത്തു നിന്നത്
മലയാളിയുടെ വ്യത്യസ്തമായ സാമൂഹ്യ ഇടങ്ങളിൽ ഒക്കെ ഉമ്മൻചാണ്ടിയുടെ കയ്യൊപ്പ് പതിഞ്ഞ സ്വാന്തനത്തിന്റെയും കാരുണ്യത്തിന്റെയും സ്നേഹ സ്പർശനങ്ങളുടെ പറഞ്ഞാൽ തീരാത്ത ജീവിതകഥകൾ നമ്മൾ കേട്ടുകൊണ്ടിരിക്കുകയാണ് അദ്ദേഹം ഒരേസമയം പാവങ്ങളുടെയും നിർദ്ധനരുടേയും ഖലീഫയും രോഗബാധിതർക്കും നിരാലംബർക്കും ദൈവിക സ്പർശനം നൽകുന്ന യേശുവും നാടിൻറെ നന്മയെ കരുതി അപ്രിയ സത്യങ്ങൾ രഹസ്യമാക്കി സ്വന്തം പക്ഷത്തിന് ഗീതോപദേശം നൽകി നയിച്ച ഭഗവാൻ കൃഷ്ണനായും മാറിയ ഭരണാധികാരി ആയിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തിയാൽ അത്ഭുതപ്പെടാനില്ല
ഒരു അധ്യാപകൻ എന്ന നിലയിലും അധ്യാപക സംഘടന പ്രവർത്തകൻ എന്ന നിലയിലും ഉമ്മൻചാണ്ടി എന്ന ഭരണാധികാരിയെ കുറിച്ച് പറയുമ്പോൾ കേരളത്തിലെ അധ്യാപക സമൂഹത്തിന്റെയും പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിന്റെയും നവോത്ഥാന നായകനാണ് ഉമ്മൻചാണ്ടി എന്ന് ഏറ്റവും ചുരുക്കി പ്രസ്താവിക്കുവാൻ സാധിക്കും
കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ പ്രാരംഭ ഘട്ടമായ പ്രീ പ്രൈമറികൾക്ക് ആദ്യമായി അംഗീകാരം നൽകുകയും ആദ്യമായി അവിടത്തെ അധ്യാപികമാർക്കും ആയ മാർക്കും സർക്കാർ ഓണറേറിയ നൽകുകയും ആദ്യമായി പ്രീപ്രൈമറി മേഖലയ്ക്ക് പാഠപുസ്തകം നൽകിയതും അദ്ദേഹമാണ്
ശമ്പളം കിട്ടാതെ വർഷങ്ങളോളം ജോലിചെയ്ത് ആത്മഹത്യയുടെയും വിവാഹമോചനത്തിന്റെയും വക്കിൽ എത്തി നിന്നിരുന്ന ഒമ്പതിനായിരത്തിൽ അധികം വരുന്ന അധ്യാപകർക്ക് അംഗീകാരവും ശമ്പളവും അതുവഴി ഒരു ജീവിതവും നൽകിയ അധ്യാപക പാക്കേജ് അധ്യാപകരുടെ നവോത്ഥാന പാതയിലെ മാഗ്നാകാർട്ടയായിരുന്നു
52 കുട്ടികൾ ആവുമ്പോൾ മാത്രം രണ്ടാമത്തെ അധ്യാപക തസ്തിക അനുവദിച്ചിരുന്ന സമയത്ത് വിദ്യാഭ്യാസമേഖലയിലെ വിപ്ലവം എന്ന് വിശേഷിപ്പിക്കാവുന്ന അധ്യാപക വിദ്യാർത്ഥി അനുപാതം 1:30 1 : 35 നടപ്പിലാക്കി 12000 പുതിയ എൽ പി എസ് ടി യുപിഎസ് ടി അധ്യാപക തസ്തികകൾ സൃഷ്ടിച്ചതും ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴായിരുന്നു
മുൻ സർക്കാരിന്റെ കാലത്തെ ഒമ്പതാം ശമ്പള കമ്മീഷൻ പ്രൈമറി ഹൈസ്കൂൾ ഹയർ സെക്കൻഡറി അധ്യാപകരുടെ ശമ്പള സ്കെയിൽ ഒരു സ്ലാബ് താഴ്ത്തിയത് പരിഹരിച്ചുകൊണ്ട് അധികാരമേറ്റ ഉടൻ തന്നെ അധ്യാപകരുടെ ശമ്പള സ്കെയിലുകൾ ഉയർത്തി തുടർന്നുവന്ന ശമ്പളപരിഷ്കരണങ്ങളിൽ ഒക്കെ തന്നെ അധ്യാപക സമൂഹത്തിന് മാന്യമായ ശമ്പളം ലഭിക്കുന്ന രീതിയിൽ അഞ്ചുവർഷത്തിനുള്ളിൽ രണ്ട് ശമ്പളപരിഷ്കരണങ്ങൾ നൽകിയതും അദ്ദേഹമായിരുന്നു
ഇതിനൊക്കെ പുറമേ വർഷങ്ങൾക്കുശേഷം ഒരു വിവാദവും ഇല്ലാതെ മൈനസ് ടു മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ പാഠപുസ്തകങ്ങളും പരിഷ്കരിച്ചുകൊണ്ട് 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്ക് ആദ്യാമായി ഇംഗ്ലീഷ് മീഡിയം പാഠപുസ്തകം തയ്യാറാക്കിക്കൊണ്ട് കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ ഏറ്റവും ആകർഷണീയമാക്കിയതും ഉമ്മൻചാണ്ടി തന്നെ
കൂടാതെ ഒരു കോടി മാത്രമായിരുന്ന എംഎൽഎ ഫണ്ട് 5 കോടിയാക്കി ഉയർത്തി (ഇന്നും അതു തന്നെയാണ് തുടരുന്നത് ) കേരളത്തിലെ വിദ്യാലയങ്ങൾക്ക് ആധുനിക കെട്ടിടങ്ങൾ പടുത്തുയർത്തുവാൻ സാഹചര്യമൊരുക്കിയതും ഉമ്മൻചാണ്ടിയാണ്
ഞാൻ ഒരു കോഴിക്കോട്ടുകാരൻ എന്ന നിലയിൽ എവിടെയും പരാമർശിച്ചു കാണാത്ത ഉമ്മൻചാണ്ടിയുടെ രണ്ട് ഇടപെടലുകൾ കൂടി ഇവിടെ ഓർക്കുകയാണ് 1991-94 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ മാറ്റിയ മാനാഞ്ചിറ സ്ക്വയർ പദ്ധതിക്ക് പ്രത്യേക ഫണ്ട് അനുവദിച്ചുകൊണ്ട് തുടക്കമിട്ടത് ഉമ്മൻചാണ്ടിയാണ്
ലൈംഗിക തൊഴിലാളികളും കഞ്ചാവ് വിൽപ്പനക്കാരും അന്യസംസ്ഥാനക്കാരും ഊരും പേരും അറിയാത്ത നാടോടികളും താമസിച്ചിരുന്ന കോഴിക്കോട് തീരപ്രദേശത്തുള്ള ബംഗ്ലാദേശ് കോളനി എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ശാന്തിനഗർ കോളനിയിലെ 312 കുടുംബങ്ങൾ ഉൾപ്പെടുന്ന പാർശ്വവൽകൃത സമൂഹത്തിൻറെ ജീവിതത്തെ പുതിയൊരു വഴിത്താരയിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ട് 312 വീടുകൾ നിർമ്മിച്ച നൽകി പാവപ്പെട്ടവരിൽ പാവപ്പെട്ടവൻറെ കൺകണ്ട ദൈവമായ ഭരണാധികാരി ഉമ്മൻചാണ്ടിക്ക് പകരം ഉമ്മൻചാണ്ടി അല്ലാതെ മറ്റാരുമില്ല.
(കെ.പി.എസ്.ടി.എ. സംസ്ഥാന നിർവാഹക സമിതി അംഗമാണ് ലേഖകൻ.)




