
സൂര്യനു വാര്ധക്യമടുക്കുമ്പോള് സൗരയൂഥമാകെ മാറും. ബുധനും ശുക്രനും സൂര്യനില്‍ ലയിച്ചുചേരും. അതിനു വളരെ മുമ്പ് അവസാന മനുഷ്യനും ഭൂമിവിട്ടിട്ടുണ്ടാകും. നമ്മുടെ ലോകത്തെ പ്രധാനിയായ സൂര്യന് 456 കോടി വര്‍ഷമാണു പ്രായം. 1000 കോടി വര്‍ഷമാണു നമ്മുടെ നക്ഷത്രത്തിനു പ്രതീക്ഷിക്കുന്ന ആയുസ്.
പക്ഷേ, അതിനു വളരെ മുമ്പ് ഭൂമിയില്‍നിന്നു ജീവന് അപ്രത്യക്ഷമാകും. യുദ്ധമോ ബഹിരാകാശ കൂട്ടിയിടികളോ ഉണ്ടായില്ലെങ്കില്‍ മനുഷ്യന് 25 -35 ലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ കണക്ക്. സൂര്യന്റെ താപനിലയിലുണ്ടാകുന്ന വ്യത്യാസമാകും മനുഷ്യര്‍ക്ക് തിരിച്ചടിയാകുക. സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ 100 കോടി വര്‍ഷംകൂടി നിലനില്ക്കാനാകുമെന്നാണു മറ്റൊരു കണക്ക്. 100 കോടി വര്‍ഷം കഴിയുമ്പോള്‍ സൂര്യനില്‍നിന്നുള്ള പ്രകാശത്തിന്റെ തീവ്രത 10 ശതമാനം വര്‍ധിക്കും. അന്നു മനുഷ്യരുണ്ടെങ്കില്‍ ഭൂമിക്ക് പുറത്തായിരിക്കും. സസ്യങ്ങള്‍ക്ക് അല്പകാലംകൂടി ഭൂമിയില്‍ പിടിച്ചുനില്‍ക്കാം. 200 കോടി വര്‍ഷം കഴിയുമ്പോള്‍ അവയും അപ്രത്യക്ഷമാകും. അതിനുശേഷവും ജീവന് അവശേഷിച്ചേക്കാം. പക്ഷേ, സൂക്ഷ്മാണുക്കളുടെ രൂപത്തിലാകാമെന്നു മാത്രം.
ഭൂമിയിലെ ജീവന്റെ നിലനില്‍പ്പ് ആത്യന്തികമായി തീരുമാനിക്കുന്നത് സൂര്യനാണ്. 'ലൂമിനോസിറ്റി' എന്ന് വിളിക്കപ്പെടുന്ന സൂര്യന്റെ മൊത്തം ഊര്‍ജ ഉത്പാദനം ഓരോ ശതകോടി (100 കോടി) വര്‍ഷത്തിലും ഏകദേശം 10% വീതം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതു ഭൂമിയുടെ ഉപരിതല താപനിലയെയും സ്വാധീനിക്കും.
താപനിലയെ സ്വാധീനിക്കുന്ന രണ്ടാമത്തെ വലിയ ഘടകം ഗ്രീന്‍ഹൗസ് (ഹരിതഗൃഹ)പ്രഭാവമാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവാണ് അതില്‍ പ്രധാനം. ഭാവിയില്‍ കാര്‍ബണ്‍ ഡയോക്സൈഡ് അളവ് എത്രത്തോളമുണ്ടാകും എന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്കു വ്യക്തതയില്ല. അക്കാര്യത്തില്‍ മനുഷ്യര്‍ക്കും സസ്യങ്ങള്‍ക്കും പ്രധാന പങ്കുവഹിക്കാനുണ്ട്.
'കാര്‍ബണ്‍' കുറയും
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് സ്വാഭാവികമായി ഇല്ലാതാകുന്നത് 'സിലിക്കേറ്റ് വെതറങിഗ്' (പാറകളുടെ രാസക്ഷയം) എന്ന പ്രക്രിയയിലൂടെയാണ്. പാറകള്‍, മഴവെള്ളം, കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവ തമ്മിലുള്ള രാസപ്രവര്‍ത്തനത്തിലൂടെ കാല്‍സ്യവും ബൈകാര്‍ബണേറ്റും രൂപപ്പെടുന്നു. ഇവ നദികള്‍ വഴി ഒഴുകി സമുദ്രത്തിന്റെ അടിത്തട്ടില്‍ കാല്‍സ്യം കാര്‍ബണേറ്റായി അടിഞ്ഞുകൂടുന്നു.
ഈ കാര്‍ബണ്‍ വീണ്ടും അഗ്നിപര്‍വത സ്ഫോടനങ്ങളിലൂടെ വീണ്ടും അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിയേക്കാം. നിലവില്‍, സിലിക്കേറ്റ് വെതറിങ് വഴി പ്രതിവര്‍ഷം ഏകദേശം 13 കോടി ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തില്‍നിന്ന് നീക്കം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ മനുഷ്യര്‍ ഇപ്പോള്‍ അതിന്റെ 90 മടങ്ങ് അധികം കാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുണ്ട്.
ഓര്‍ക്കിഡുകള്‍ പിടിച്ചുനില്ക്കും
ജീവന്റെ നിലനില്‍പ്പ് കണക്കാക്കാന്‍ സീറ്റിലിലെ ബ്ലൂ മാര്‍ബിള്‍ സ്പേസിലെ ഗവേഷകരായ ജേക്കബ് ഹഖ്മിസ്ര പാറകളുടെ രാസക്ഷയത്തെക്കുറിച്ചുള്ള പഠനത്തെയാണ് ആശ്രയിച്ചത്. അതിനായി സൂര്യന്റെ ഊര്‍ജ വ്യതിയാനങ്ങളും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് അളവും കൂട്ടിച്ചേര്‍ത്ത് ഒരു 3ഡി കാലാവസ്ഥാ മാതൃക തയാറാക്കി. ഭാവിയില്‍ സിലിക്കേറ്റ് വെതറിങ് ശക്തമായിരിക്കുമോ എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്.
സസ്യങ്ങള്‍ സൂര്യപ്രകാശത്തില്‍നിന്ന് എങ്ങനെ അന്നജം ഉല്‍പ്പാദിപ്പിക്കുന്നു (പ്രകാശസംശ്ലേഷണം) എന്നതിനെ അടിസ്ഥാനമാക്കി അവയെ മൂന്ന് വിഭാഗങ്ങളായി തിരിച്ചായിരുന്നു ഗവേഷണം. സി3, സി4, സി.എ.എം. എന്നീ വിഭാഗങ്ങളായാണ് അവര്‍ സസ്യങ്ങളെ വേര്‍തിരിച്ചത്. ഭൂമിയിലെ ഇവയുടെ സാന്നിധ്യം യഥാക്രമം 95%, 3%, 2% എന്നിങ്ങനെയാണ്. ഓരോ വിഭാഗത്തിനും അതിജീവനത്തിന് ആവശ്യമായ കാര്‍ബണ്‍ ഡയോക്സൈഡിന്റെ പരിധി വ്യത്യസ്തമാണ്. (ഭൂരിപക്ഷം മരങ്ങളും തക്കാളി, സോയാബീന്‍, നെല്ല്, പരുത്തി തുടങ്ങിയവയൊക്കെ സി3 വിഭാഗത്തില്‍ ഉള്‍പ്പെടും. ചൂടുള്ള കാലാവസ്ഥയെ അതിജീവിക്കുന്നവയാണു സി4 വിഭാഗത്തിലുള്ളത്. കരിമ്പ്, ചോളം, ചില ഇനം പുല്ലുകള്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. കൈത, ഓര്‍ക്കിഡുകള്‍, കള്ളിമുള്‍ ചെടികള്‍ തുടങ്ങിയവ സി.എ.എം. വിഭാഗത്തിലാണ്). അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് 50 പി.പി.എമ്മില്‍ താഴെയായാല്‍ സി3 സസ്യങ്ങള്‍ നശിക്കും, സി4 സസ്യങ്ങള്‍ക്ക് നിലനില്ക്കാന് കുറഞ്ഞത് 10 പി.പി.എം വേണം, എന്നാല്‍ സി.എ.എം. സസ്യങ്ങള്‍ക്ക് അതിലും കുറഞ്ഞ അളവിലും അതിജീവിക്കാനാകും. അവസാനംവരെ പിടിച്ചുനില്‍ക്കുക സി.എ.എം. സസ്യങ്ങളാകുമെന്നു ചുരുക്കം.
ജീവന്റെ പൊരുത്തപ്പെടല്‍
പാറകളുടെ രാസക്ഷയം ദുര്‍ബലമാണെങ്കില്‍ ഭൂമിയിലെ അന്തരീക്ഷ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവില്‍ കാര്യമായ മാറ്റമുണ്ടാകില്ല. ആ അളവ് നിലവിലുള്ള അവസ്ഥയില്‍ തന്നെ ക്രമീകരിച്ചുകൊണ്ടായിരുന്നു ഒരു പരീക്ഷണം. ആ സാഹചര്യത്തില്‍ ഭാവിയില്‍ സൂര്യന്റെ താപം വര്‍ധിക്കുന്നത് ഗവേഷകര്‍ നിരീക്ഷിച്ചു.
സൂര്യന് കൂടുതല്‍ തിളങ്ങുന്നതോടെ ഭൂമിയിലെ താപനില വര്‍ധിക്കും. അതിന്റെ ഫലമായി പാറകളുടെ രാസക്ഷയനിരക്ക് നേരിയ തോതില്‍ മാത്രം കൂടും.
തല്‍ഫലമായി, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് വലിയ തോതില്‍ താഴേക്ക് പോകാതെ ഇന്നത്തെ അവസ്ഥയ്ക്ക് സമാനമായി തുടരും.
ഭൂമിയിലെ ജീവന് അതിശയകരമായ പൊരുത്തപ്പെടല്‍ ശേഷിയുണ്ട്, ഉയര്‍ന്ന താപനിലയും കുറഞ്ഞ കാര്‍ബണ്‍ ഡയോക്സൈഡുമുള്ള അന്തരീക്ഷത്തിലും സസ്യങ്ങള്‍ക്കും (അവയെ ഭക്ഷിക്കുന്ന മൃഗങ്ങള്‍ക്കും) വളരെക്കാലം അതിജീവിക്കാന്‍ കഴിയും. അതിന് അവരെ സഹായിക്കേണ്ടത് പരിണാമമാണ്.
ഏകദേശം 150 കോടി വര്‍ഷങ്ങള്‍ വരെ താപനില പതുക്കെ വര്‍ധിക്കുമെങ്കിലും ജീവന് അനുകൂലമായ സാഹചര്യം ഭൂമിയിലുണ്ടാകും എന്നാണു ഗവേഷകരുടെ കണക്കുകൂട്ടല്‍. 200 കോടി വര്‍ഷം വരെയുള്ള കാലയളവില്‍ താപനില വലിയ തോതില്‍ വര്‍ധിക്കും. അപ്പോഴേക്കും ഭൂമിയുടെ ഉപരിതലത്തിലെ അനുകൂല സാഹചര്യം ഇല്ലാതാകും. സസ്യങ്ങളെപ്പോലെയുള്ള സങ്കീര്‍ണ ജീവജാലങ്ങള്‍ക്ക് നിലനില്ക്കാന് കഴിയാത്ത അവസ്ഥ സംജാതമാകും. പിന്നീട് കുറേക്കാലം ഭൂമി പൂര്‍ണമായും സൂക്ഷ്മാണുക്കളുടെ നിയന്ത്രണത്തിലാകും.
ഭൂമിക്ക് പുറത്തേക്ക്...
പാറകളുടെ രാസക്ഷയം വലിയതോതിലുണ്ടായാല് കണക്കുകള്‍ ആകെ മാറും. 200 കോടി വര്‍ഷം കഴിഞ്ഞ് സൂര്യന്റെ തിളക്കം 20% വര്‍ധിക്കും, പാറകളുടെ രാസക്ഷയം കാരണം അന്തരീക്ഷത്തില്‍നിന്ന് കാര്‍ബണ്‍ ഡയോക്സൈഡ് വന്‍തോതില്‍ വലിച്ചെടുക്കപ്പെടും. ഇത് ഹരിതഗൃഹ പ്രഭാവം കുറയ്ക്കുന്നതിനാല്‍ ഉപരിതല താപനില താഴേക്ക് പോകും.
ആ സാഹചര്യത്തില്‍ സസ്യങ്ങളുടെ അവസ്ഥ പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത 'എക്സോകാം' എന്ന അത്യാധുനിക 3ഡി കാലാവസ്ഥാ മാതൃക ഉപയോഗിച്ചു.
2022ല്‍ വിവിധ ഗ്രഹങ്ങളിലെയും ഭൂമിയുടെ ഭൂതകാലത്തെയും ഭാവിയിലെയും അന്തരീക്ഷ ഘടനകളെക്കുറിച്ച് പഠിക്കാന്‍ നിര്‍മിച്ചതാണ് ആ മോഡല്‍.
ഈ മോഡല്‍ പ്രകാരം, സസ്യലോകത്തിനു കൂടുതല്‍ കാലം - 135 കോടി മുതല്‍ 186 കോടി വര്‍ഷങ്ങള്‍ വരെ നിലനില്ക്കാന് കഴിയുമെന്ന് അവര്‍ കണ്ടെത്തി.
സൂര്യന്റെ കടുത്ത ചൂട് കാരണം ഭൂമിയിലെ സമുദ്രങ്ങള്‍ വറ്റിവരളുന്നതുവരെ ഭൂമിയിലെ ജീവന് നിലനില്ക്കും. അതിനുശേഷവും, സാങ്കേതികവിദ്യയുടെ സഹായത്തോടെയോ പരിണാമ പ്രക്രിയകളിലൂടെയോ ജീവന് ഭൂമിക്ക് പുറത്തേക്ക് വ്യാപിച്ചേക്കാം.




