
ഭക്ഷ്യസുരക്ഷ എന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഉറപ്പാണ്. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് വിശപ്പില്‍നിന്നുള്ള സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അന്ത്യോദയ അന്നയോജന (എ.എ.വൈ.) നടപ്പാക്കിയത്. അതുകൊണ്ടുതന്നെ, ഓരോ എ.എ.വൈ. റേഷന്‍ കാര്‍ഡിനും പ്രതിമാസം 35 കിലോഗ്രാം ഭക്ഷ്യധാന്യം നല്കുന്ന നിലവിലെ സംവിധാനത്തില്‍ മാറ്റം വരുത്തി, കുടുംബാടിസ്ഥാനത്തില്‍ നിന്നു വ്യക്തിയടിസ്ഥാനത്തിലേക്ക് വിതരണം മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ആശങ്കയോടെയാണ് കാണേണ്ടത്. കണക്കുകളുടെ ഭാഷയില്‍ അത് ഒരു ഭരണപരിഷ്കാരമായി തോന്നാമെങ്കിലും യാഥാര്‍ഥ്യത്തില്‍ അതിന്റെ ആഘാതം ഏറ്റവും ദരിദ്രരുടെ അടുക്കളയിലേക്കാണ് എത്തുക.
കേരളത്തില്‍ 5.94 ലക്ഷം അന്ത്യോദയ കുടുംബങ്ങളിലായി 18.33 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. ഓരോ കുടുംബത്തിലും ശരാശരി 3.08 അംഗങ്ങള്‍ മാത്രമാണുള്ളത്. പുതിയ നിര്‍ദേശമനുസരിച്ച് ഓരോ അംഗത്തിനും ഏഴു കിലോഗ്രാം വീതം ധാന്യം ലഭിച്ചാല്‍ ഒരു കുടുംബത്തിന് ശരാശരി ലഭിക്കുക 21 കിലോഗ്രാം മാത്രം. നിലവിലെ 35 കിലോഗ്രാമില്‍നിന്ന് 14 കിലോഗ്രാമിന്റെ കുറവ്. വര്‍ഷം മുഴുവന്‍ കണക്കാക്കിയാല്‍ സംസ്ഥാനത്തിന് ഒരു ലക്ഷം ടണ്‍ വരെ അരിയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ദാരിദ്ര്യത്തിന്റെ അതിരുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഭക്ഷണമേശയില്‍നിന്ന് അപ്രത്യക്ഷമാകുന്ന അന്നത്തിന്റെ അളവാണിത്.
ഈ പരിഷ്കാരത്തിന്റെ ഏറ്റവും വലിയ പോരായ്മ, അന്ത്യോദയ പദ്ധതിയുടെ അടിസ്ഥാനതത്ത്വത്തെതന്നെ അവഗണിക്കുന്നുവെന്നതാണ്. സാധാരണ റേഷന്‍ വിതരണത്തില്‍നിന്ന് വ്യത്യസ്തമായി, എ.എ.വൈ. രൂപീകരിച്ചത് കുടുംബത്തിലെ അംഗസംഖ്യ കണക്കിലെടുത്തല്ല;ഏറ്റവും കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബത്തെ ഒരു സാമൂഹിക യൂണിറ്റായി അംഗീകരിച്ചാണ്. കുടുംബത്തിന്റെ സാമ്പത്തിക ദൗര്‍ബല്യമാണ് ഇവിടെ മാനദണ്ഡം. അതിനാല്‍, അംഗങ്ങളുടെ എണ്ണം കുറവാണെന്ന പേരില്‍ ഭക്ഷ്യസഹായവും കുറയ്ക്കുന്നത് പദ്ധതിയുടെ ആത്മാവിനെതിരായ നടപടിയാണ്.
കേരളത്തിന്റെ സാമൂഹിക യാഥാര്‍ഥ്യവും ഈ തീരുമാനത്തെ കൂടുതല്‍ പ്രശ്നകരമാക്കുന്നു. മഞ്ഞ കാര്‍ഡുള്ള കുടുംബങ്ങളില്‍ വലിയൊരു വിഭാഗം ആദിവാസികളും പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങളും വയോധികര്‍ മാത്രം താമസിക്കുന്ന കുടുംബങ്ങളും ഗുരുതരമായ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്നവരുമാണ്. ഇവരുടെ ജീവിതത്തില്‍ റേഷന്‍കടയില്‍നിന്ന് ലഭിക്കുന്ന അരി ദിവസേനയുള്ള ഭക്ഷണത്തിന്റെ പ്രധാന ആശ്രയമാണ്. അതില്‍ വരുന്ന കുറവ് പോഷകാഹാരക്കുറവിലേക്കും കടബാധ്യതയിലേക്കും നയിക്കുമെന്ന ആശങ്ക തള്ളിക്കളയാനാവില്ല.
ഈ മാറ്റം റേഷന്‍ വ്യാപാരികളെയും ബാധിക്കും. വിതരണം ചെയ്യുന്ന ധാന്യത്തിന്റെ അളവിനനുസരിച്ചാണ് കമ്മിഷന് ലഭിക്കുന്നത്. വിതരണത്തില്‍ കുറവുണ്ടായാല്‍ ഇതിനകം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പൊതുവിതരണ ശൃംഖലയിലെ വ്യാപാരികളുടെ വരുമാനവും ഇടിയും. അതിന്റെ പ്രത്യാഘാതം ഒടുവില്‍ പൊതുവിതരണ സംവിധാനത്തിന്റെ കാര്യക്ഷമതയെയും ബാധിക്കും. അതിനാല്‍ ഇത് ഗുണഭോക്താക്കളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല;പൊതുവിതരണ സംവിധാനത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട വിഷയവുമാണ്.
കേന്ദ്രം ഉന്നയിച്ചേക്കാവുന്ന വാദം, വ്യക്തിയടിസ്ഥാനത്തിലുള്ള വിതരണം കൂടുതല്‍ ശാസ്ത്രീയമാണെന്നും ഒരേ കുടുംബത്തില്‍ അംഗസംഖ്യ കുറവാണെങ്കില്‍ അധികവിഹിതം നല്കേണ്ടതില്ലെന്നുമാകാം. എന്നാല്‍, അത്തരമൊരു സമീപനം ദാരിദ്ര്യത്തെ വെറും ഗണിതശാസ്ത്ര പ്രശ്നമാക്കി ചുരുക്കുന്നതാണ്. ഏറ്റവും ദരിദ്രരായ കുടുംബങ്ങള്‍ക്ക് നല്കുന്ന അധിക സംരക്ഷണമാണ് അന്ത്യോദയ പദ്ധതിയുടെ സവിശേഷത. അതിനെ സാധാരണ ജനസംഖ്യാനുപാത വിതരണത്തിലേക്ക് ചുരുക്കുന്നത് ക്ഷേമരാഷ്ര്ടത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നുള്ള പിന്മാറ്റമായേ കാണാനാകൂ.
ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണ്. 2013-ല്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയപ്പോഴും എ.എ.വൈ. വിഭാഗത്തിന് പ്രത്യേക പരിഗണന തുടരണം എന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. അതേ നിലപാട് ഇപ്പോഴും ആവര്‍ത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പ്രതിഷേധം രേഖപ്പെടുത്തുന്നതില്‍ മാത്രം ഒതുങ്ങാതെ മറ്റു സംസ്ഥാനങ്ങളുടെ പിന്തുണയും തേടി കേന്ദ്രത്തെ ഈ നിര്‍ദേശത്തില്‍നിന്ന് പിന്തിരിപ്പിക്കാന് ശക്തമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷാ കൗണ്‍സിലുകളിലും സംസ്ഥാനങ്ങളുടെ യോഗങ്ങളിലും പാര്ലമെന്റംഗങ്ങളിലൂടെയും ഈ വിഷയം ശക്തമായി ഉന്നയിക്കണം.
ഒരു സമൂഹത്തിന്റെ പുരോഗതി അളക്കുന്നത് അതിന്റെ ഏറ്റവും സമ്പന്നരുടെ ജീവിതനിലവാരമനുസരിച്ചല്ല;ഏറ്റവും ദുര്‍ബലരായ പൗരന്മാര്ക്ക് നല്കുന്ന സംരക്ഷണം നോക്കിയാണ്. അന്ത്യോദയ പദ്ധതിയിലെ ആ സംരക്ഷണം ദുര്‍ബലമാക്കുന്ന ഏത് തീരുമാനവും സാമൂഹികനീതിയുടെ പിറകോട്ടുള്ള ചുവടുവയ്പാണ്. സര്‍ക്കാരുകള്‍ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതുണ്ട്. എന്നാല്‍, അതിന്റെ ഭാരം ഏറ്റവുമധികം വഹിക്കേണ്ടത് വിശപ്പിനോടും ദാരിദ്ര്യത്തോടും പോരാടുന്ന കുടുംബങ്ങളാകരുത്.
അന്ത്യോദയ എന്ന വാക്കിന്റെ അര്‍ഥം സമൂഹത്തിന്റെ ഏറ്റവും അവസാനത്തെ മനുഷ്യന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. ആ ലക്ഷ്യത്തെ ചുരുക്കുന്ന പരിഷ്കാരങ്ങള്‍ വികസനത്തിന്റെ പേരില്‍ ന്യായീകരിക്കാനാവില്ല. ഏറ്റവും ദരിദ്രരുടെ അന്നത്തില്‍ കൈവയ്ക്കുന്ന ഏതൊരു തീരുമാനവും പുനഃപരിശോധിക്കപ്പെടണം. അന്ത്യോദയ അന്നയോജനയുടെ കുടുംബാടിസ്ഥാനത്തിലുള്ള നിലവിലെ അവകാശം അതേപടി നിലനിര്‍ത്തുകയാണ് സാമൂഹികനീതിയുടെയും ഭരണഘടനാപരമായ ക്ഷേമബാധ്യതയുടെയും ശരിയായ വഴി.




