
കേന്ദ്ര കൃഷിമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ എല്‍ നിനോയും കാലതാമസം നേരിടുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണും സംബന്ധിച്ച വിലയിരുത്തല്‍ രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ ആശങ്കയിലാക്കുന്നതാണ്. രാജ്യത്ത് മഴ ഇതുവരെ സാധാരണയേക്കാള്‍ 43 ശതമാനം കുറവാണെന്നാണ് വിലയിരുത്തല്‍. മഴക്കുറവിന്റെ ആഘാതം നേരിടാന്‍ സാധ്യതയുള്ള 315 ജില്ലകളെ കണ്ടെത്തി, അവയ്ക്കായി ജില്ലാതല ആകസ്മിക പ്രവര്‍ത്തനപദ്ധതികളും കേന്ദ്രം തയ്യാറാക്കുകയാണ്. ഇതില്‍ 111 ജില്ലകള്‍ അതീവ ഗുരുതര വിഭാഗത്തിലാണ്. ജലസേചന സൗകര്യം 25 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളാണ് ഇവ.
ഈ പട്ടികയില്‍ കേരളമില്ല. അതുകൊണ്ട് കേരളം ആശ്വസിക്കേണ്ട സാഹചര്യമാണോ? ഒട്ടും തന്നെയല്ല. കാരണം, ഇന്ത്യയുടെ കാര്‍ഷിക ഭൂപടത്തില്‍ ഒരു സംസ്ഥാനത്തെ ബാധിക്കുന്ന പ്രതിസന്ധി മറ്റൊരു സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലേക്കും ജീവിതച്ചെലവിലേക്കും അതിവേഗം പടരുന്ന കാലത്താണ് നാം ജീവിക്കുന്നത്. കേരളം വരള്‍ച്ചാ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലില്ലെങ്കിലും, അവിടങ്ങളിലെ മഴക്കുറവിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.
കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ദൗര്‍ബല്യവും ഒരുപോലെയാണ്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാനം വലിയ തോതില്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. അരി മുതല്‍ പച്ചക്കറി വരെ, സവാള മുതല്‍ തക്കാളി വരെ, പരിപ്പ് മുതല്‍ ഭക്ഷ്യഎണ്ണ വരെ കേരളത്തിലേക്ക് എത്തുന്നത് പ്രധാനമായും കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ര്ട, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ സംസ്ഥാനങ്ങളില്‍ മഴ കുറയുകയും ഖരീഫ് കൃഷി തകരുകയും ചെയ്താല്‍ അതിന്റെ ആദ്യ പ്രതിഫലനം കാണുക കേരളത്തിലെ ചന്തകളിലായിരിക്കും. വിളവ് കുറയുമ്പോള്‍ വിതരണം കുറയും;വിതരണം കുറയുമ്പോള്‍ വില ഉയരും. ഭക്ഷ്യവിലക്കയറ്റം കേരളത്തിലെ കുടുംബ ബജറ്റുകളെ നേരിട്ട് ബാധിക്കും.
കേരളത്തിന്റെ ഉപഭോക്തൃ വിലസൂചികയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വലിയ പങ്കുണ്ട്. അതിനാല്‍ ഭക്ഷ്യവില ഉയരുന്നത് സംസ്ഥാനത്തെ മൊത്തം പണപ്പെരുപ്പത്തെയും ബാധിക്കും. സാധാരണ കുടുംബങ്ങളുടെ ജീവിതച്ചെലവ് വര്‍ധിക്കും. ഹോട്ടല്‍ വ്യവസായം മുതല്‍ ഭക്ഷ്യസംസ്കരണ മേഖല വരെ അതിന്റെ സമ്മര്‍ദം അനുഭവിക്കേണ്ടിവരും.
കേരളത്തിന്റെ സ്വന്തം കാര്‍ഷിക മേഖലയും ഇതില്‍ നിന്ന് പൂര്‍ണമായും സുരക്ഷിതമല്ല. സംസ്ഥാനത്ത് മഴയുടെ ആകെ അളവ് കുറയാതിരുന്നാലും മഴയുടെ വിതരണത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. എല്‍ നിനോയുടെ വര്‍ഷങ്ങളില്‍ മഴ ദീര്‍ഘകാല ഇടവേളകളിലായി പെയ്യുകയോ, ചില ദിവസങ്ങളില്‍ അതിശക്തമായി പെയ്ത് പിന്നീട് നീണ്ട വരണ്ട കാലാവസ്ഥ അനുഭവപ്പെടുകയോ ചെയ്യുന്ന പ്രവണത കാണാറുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ റബര്‍, കുരുമുളക്, ഏലം, കാപ്പി, തേയില തുടങ്ങിയ തോട്ടവിളകളുടെ ഉല്പാദനക്ഷമതയെ ബാധിക്കാം. അമിത ചൂടും നീണ്ട വരണ്ട കാലാവസ്ഥയും റബര്‍ ടാപ്പിങ്ങിനെയും സുഗന്ധവിളകളുടെ വളര്‍ച്ചയെയും പ്രതികൂലമായി സ്വാധീനിക്കും.
ജലലഭ്യതയുടെ കാര്യത്തിലും കേരളം ജാഗ്രത പാലിക്കേണ്ടതുണ്ട്. കേരളം മഴസമ്പന്ന സംസ്ഥാനമാണെങ്കിലും മഴയുടെ സമയക്രമം മാറിയാല്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറയാം. അത് ജലവൈദ്യുതോല്പാദനത്തെയും കുടിവെള്ള ലഭ്യതയെയും ബാധിച്ചേക്കാം. ജലവൈദ്യുതിയുടെ പങ്ക് കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനം കൂടുതല്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടിവരും. അതിന്റെ സാമ്പത്തികഭാരം ഒടുവില്‍ പൊതുസമ്പദ്വ്യവസ്ഥയിലേക്കാണ് മാറുന്നത്.
കേന്ദ്രം ആശങ്കപ്പെടുന്ന മറ്റൊരു കാര്യം മഴയെ മാത്രം ആശ്രയിച്ചുള്ള കാര്‍ഷിക മേഖലയാണ്. ജലസേചന സൗകര്യം കുറഞ്ഞ 111 ജില്ലകളിലാണ് ഏറ്റവും വലിയ പ്രതിസന്ധി പ്രതീക്ഷിക്കുന്നത്. ഈ മേഖലകളില്‍ കൃഷി തകരുകയാണെങ്കില്‍ ഗ്രാമീണ വരുമാനം കുറയും. അതിന്റെ പ്രതിഫലം ദേശീയ സമ്പദ്വ്യവസ്ഥയിലും പ്രത്യക്ഷമാകും. ഗ്രാമീണ ഉപഭോഗം കുറയുന്നത് വ്യവസായങ്ങളെയും സേവനമേഖലയെയും ബാധിക്കും. കാര്ഷികോല്പാദനം കുറയുമ്പോള്‍ ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധിക ഇടപെടലുകള്‍ നടത്തേണ്ടിവരും. ഈ ദേശീയ സാമ്പത്തിക മാറ്റങ്ങളില്‍ നിന്ന് കേരളത്തിനും ഒഴിവാകാനാവില്ല.
കേരളത്തിന് ആശ്വാസം നല്കുന്ന ചില ഘടകങ്ങളും ഉണ്ട്. എല്‍ നിനോ ഉണ്ടായ എല്ലാ വര്‍ഷങ്ങളിലും കേരളത്തില്‍ കടുത്ത വരള്‍ച്ച ഉണ്ടായിട്ടില്ല. അറബിക്കടലിലെ സമുദ്രോപരിതല താപനില, പ്രാദേശിക കാലാവസ്ഥാ വ്യവസ്ഥകള്‍ തുടങ്ങിയവ കേരളത്തിലെ മഴയെ സ്വാധീനിക്കുന്നു. അതിനാല്‍ രാജ്യത്തിന്റെ മധ്യഭാഗങ്ങളില്‍ മഴക്കുറവുണ്ടാകുമ്പോഴും കേരളത്തില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ച സന്ദര്‍ഭങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ പട്ടികയില്‍ കേരളം ഉള്‍പ്പെടാത്തത് കാലാവസ്ഥാ സാഹചര്യങ്ങളിലെ ഈ പ്രാദേശിക വ്യത്യാസങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്.
എന്നാല്‍, അത് ആശങ്കയില്ലെന്ന സന്ദേശമല്ല. ഇന്ന് കാലാവസ്ഥാ പ്രതിസന്ധിയും ഭക്ഷ്യസുരക്ഷയും പരസ്പരം ബന്ധപ്പെട്ട ദേശീയ വിഷയങ്ങളാണ്. ഒരു സംസ്ഥാനത്തെ വരള്‍ച്ച മറ്റൊരു സംസ്ഥാനത്തെ ഭക്ഷണമേശയെയും വിലനിലവാരത്തെയും വൈദ്യുതി മേഖലയെയും ബാധിക്കുന്ന കാലഘട്ടമാണിത്. അതിനാല്‍ കേരളത്തിന്റെ ശ്രദ്ധ സ്വന്തം മഴയളവില്‍ മാത്രം ഒതുങ്ങരുത്;രാജ്യത്തെ കാര്‍ഷിക സ്ഥിതിഗതികളിലും ഉണ്ടായിരിക്കണം.
കേന്ദ്രത്തിന്റെ പട്ടികയില്‍ കേരളത്തിന്റെ പേര് ഇല്ല. എന്നാല്‍ പ്രത്യാഘാതങ്ങളുടെ ഭൂപടത്തില്‍ കേരളത്തെ വ്യക്തമായി കാണാം. അതുകൊണ്ടുതന്നെ മഴയെക്കുറിച്ചുള്ള ആശങ്ക ഒരു കാലാവസ്ഥാ വാര്‍ത്ത മാത്രമല്ല;കേരളത്തിന്റെ ഭക്ഷ്യസുരക്ഷ, വിലക്കയറ്റം, ജലവിഭവം, സമ്പദ്വ്യവസ്ഥ എന്നിവയെ ഒരുപോലെ സ്പര്‍ശിക്കുന്ന പൊതുനയ വിഷയമായി അതിനെ കാണേണ്ട സമയമാണിത്.
കെ.ജി. സന്ദീപ്





