ഒരു പതിറ്റാണ്ട് മുമ്പ് രാജ്യത്തെ ഗവണ്മെന്റ് ഓഫീസുകളില്‍ പേപ്പര്‍ ഫയലുകളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റിനായോ തര്‍ക്ക പരിഹാരത്തിനായോ ആഴ്ചകളോളം സംരംഭകര്‍ കാത്തുനില്ക്കുന്ന കാഴ്ച പരിചിതമായിരുന്നു. എന്നാല്‍ ഇന്ന്, രാജ്യത്തിന്റെ ഏത് കോണിലുള്ള കരകൗശല വിദഗ്ധയ്ക്കും സ്വന്തം ഫോണിലൂടെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സംരംഭം രജിസ്റ്റര്‍ ചെയ്യാനും, ദേശീയ വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ പട്ടികപ്പെടുത്താനും സാധിക്കുന്നു. ഇത് ഭരണപരമായ ചെറിയ നവീകരണമല്ല;മറിച്ച് ഘടനാപരമായ പരിവര്‍ത്തനമാണ്.
ഇന്ത്യയുടെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ.) ജി.ഡി.പിയിലേക്ക് ഏതാണ്ട് 31.1 ശതമാനവും, ഉല്പാദനമേഖലയുടെ ഫലങ്ങളില്‍ 35 ശതമാനത്തിലധികവും സംഭാവന നല്കുന്നു. മൊത്തം കയറ്റുമതിയുടെ ഏകദേശം 48.58 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ മേഖല ഏകദേശം 38 കോടി പേര്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. എന്നിട്ടും പതിറ്റാണ്ടുകളായി, ഈ സംരംഭങ്ങള്‍ ഔദ്യോഗിക ഭരണസംവിധാനങ്ങളുടെ അതിരുകളില്‍ ഒതുങ്ങി പ്രവര്‍ത്തിക്കേണ്ടിവന്നു. വ്യവസ്ഥാപിത ധനസഹായം ലഭിക്കാതെ ബുദ്ധിമുട്ടുകയും, വലിയ സംഭരണ വിപണികളില്‍ നിന്ന് ഒറ്റപ്പെടുകയും ചെയ്തു. എം.എസ്.എം.ഇകളുടെ വളര്ച്ചായാത്രയിലെ ഓരോ തടസ്സവും നേരിടാനായി പ്രത്യേകം നിര്‍മിച്ച ഡിജിറ്റല്‍ പോര്‍ട്ടലുകളുടെ വരവോടെ ഈ മാറ്റം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.
ഏറ്റവും അടിസ്ഥാനപരമായ തടസ്സം, ഔദ്യോഗികമായ രജിസ്ട്രേഷന് ഇല്ലാതെ ഗവണ്മെന്റ്പദ്ധതികളോ ബാങ്ക് വായ്പകളോ ലഭ്യമാക്കാന്‍ കഴിയില്ലെന്നതായിരുന്നു. എന്നാല്‍ 'ഉദ്യം പോര്‍ട്ടല്‍' വഴിയുള്ള കടലാസ്രഹിതവും, ആധാര്‍ അടിസ്ഥാനമാക്കിയുള്ളതുമായ സ്വയം സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷന് രീതി, വലിയ ബുദ്ധിമുട്ടിനെ ഒരൊറ്റ ഓണ്‍ലൈന്‍ സെഷനായി ലഘൂകരിച്ചു. ഇന്ന്, 8.7 കോടി സംരംഭങ്ങളാണ് ഇതിലൂടെ ഔദ്യോഗിക സമ്പദ്വ്യവസ്ഥയുടെ ഭാഗമായി മാറിയത്. സാധാരണ രജിസ്ട്രേഷന് ആവശ്യമായ രേഖകളില്ലാത്ത അനൗദ്യോഗിക ചെറുകിട സംരംഭങ്ങള്‍ക്കായി 'ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോം' രൂപകല്പന ചെയ്തു. ഇതുവരെ ഔദ്യോഗിക രജിസ്റ്ററുകളില്‍ ഇടംപിടിക്കാതിരുന്ന ഇത്തരം 3.28 കോടി സംരംഭങ്ങളെ ഈ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു.
വാങ്ങുന്നവരിലേക്ക് എത്തിച്ചേരുക എന്നത് മുന്‍കാലങ്ങളില്‍ ഭൂമിശാസ്ത്രപരമായ ദൂരങ്ങളാല്‍ പരിമിതപ്പെടുത്തപ്പെട്ടിരുന്നു. എന്നാല്‍, ഗവണ്മെന്റ്ഇ-മാര്‍ക്കറ്റ്പ്ലേസ് (ജി.ഇ.എം.- ജെം) പൊതു സംഭരണത്തിന്റെ ഘടനയെ മാറ്റിമറിച്ചു. രജിസ്റ്റര്‍ ചെയ്ത ഏത് എം.എസ്.എം.ഇയ്ക്കും ഗവണ്മെന്റ്വകുപ്പുകളിലേക്ക് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ സുതാര്യവും 'റിവേഴ്സ്-ഓക്ഷന്' അടിസ്ഥാനമാക്കിയുള്ളതുമായ പ്ലാറ്റ്ഫോം സൃഷ്ടിച്ച്, സംഭരണ വ്യവസ്ഥിതിയെ ജെം. ജനാധിപത്യവല്‍ക്കരിച്ചു. ഇന്ന്, 11.14 ലക്ഷത്തിലധികം എം.എസ്.എം.ഇ. വില്പനക്കാര് ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജെം വഴിയുള്ള മൊത്തം സംഭരണം 18.40 ലക്ഷം കോടി രൂപ പിന്നിട്ടു.
വലിയ ഉപഭോക്താക്കള്‍ എം.എസ്.എം.ഇകളുടെ ഇന്‍വോയ്സുകള്‍ വൈകിപ്പിക്കുന്ന പ്രശ്നം നേരിടാന്‍ 'ട്രെഡ്സ്' പ്ലാറ്റ്ഫോം (ടി.ആര്.ഇ.ഡി.എസ്.) ഘടനാപരമായ പരിഹാരം വാഗ്ദാനം ചെയ്യുന്നു. എം.എസ്.എം.ഇകള്‍ക്ക് ഇപ്പോള്‍ ഇന്‍വോയ്സുകള്‍ ഡിജിറ്റല്‍ വിപണിയിലേക്ക് അപ്ലോഡ് ചെയ്യാം. അവിടെ ബാങ്കുകള്‍ പ്രവര്‍ത്തന മൂലധനം ഉടനടി ലഭ്യമാക്കുകയും ചെയ്യുന്നു. ടി.ആര്.ഇ.ഡി.എസ്. വഴി, 2021-2026 കാലയളവില്‍ 8.35 ലക്ഷം കോടി രൂപയുടെ ഇന്‍വോയ്സുകളാണ് ഡിസ്കൗണ്ട് ചെയ്തത്.
സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ തേടാനും, ആശങ്കകള്‍ ഉന്നയിക്കാനുമുള്ള പ്ലാറ്റ്ഫോമായി 'എം.എസ്.എം.ഇ. ചാമ്പ്യന്‍സ് പോര്‍ട്ടല്‍' പ്രവര്‍ത്തിക്കുന്നു. ഈ പോര്‍ട്ടലിലൂടെ 1,85,253 പരാതികള്‍ പരിഹരിച്ചു;ഇത് ലഭിച്ച ആകെ പരാതികളുടെ 99.66 ശതമാനമാണ്. പണം നല്‍കാതിരിക്കുന്ന സംസ്കാരമെന്ന അനീതിയെ 'എം.എസ്.എം.ഇ. സമാധാന് പോര്‍ട്ടല്‍' ലക്ഷ്യമിടുന്നു. ഇതിന് പൂരകമായി പ്രവര്‍ത്തിക്കുന്ന 'എം.എസ്.എം.ഇ. ഓണ്‍ലൈന്‍ ഡിസ്പ്യൂട്ട് റെസലൂഷന്‍' (ഒ.ഡി.ആര്.) പോര്‍ട്ടല്‍, ഓണ്‍ലൈന്‍ അനുരഞ്ജനത്തിലൂടെ വാണിജ്യ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ എം.എസ്.എം.ഇകളെ പ്രാപ്തമാക്കുന്നു.
ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഇനിയും വിപുലീകരിക്കാന്‍ ഇന്ത്യ തയാറെടുക്കുകയാണ്. അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ സബ്സിഡി വിതരണം വരെയുള്ള കാര്യങ്ങള്‍ പി.എം.ഇ.ജി.പി. 2.0 പോര്‍ട്ടല്‍ ലഘൂകരിക്കും. ഒപ്പം എം.എസ്.എം.ഇ. സമാധാന് 2.0 കുടിശ്ശികപ്പണം തീര്പാക്കുന്നത് കൂടുതല്‍ വേഗത്തിലാക്കും. കൂടാതെ, ബി2ബി, ബി2സി വ്യാപാരങ്ങള്‍ക്കായി ഒ.എന്‍.ഡി.സി. വ്യവസ്ഥിതിയുമായി സംയോജിപ്പിച്ച ഗവണ്മെന്റ്പിന്തുണയുള്ള വിപണിയായി 'എം.എസ്.എം.ഇ. ഗേ്ലാബല്‍ മാര്‍ട്ട് 2.0' മാറുകയും ചെയ്യും.
ഈ പോര്‍ട്ടലുകള്‍ ഒന്നിച്ചുചേര്‍ന്ന് ആഭ്യന്തര ഡിജിറ്റല്‍ വ്യവസ്ഥിതിക്കു രൂപം നല്കുന്നു. ഇത് വന്‍കിടക്കാര്‍ക്ക് മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന ഘടനാപരമായ മേല്‍ക്കൈകളെ ഇല്ലാതാക്കുന്നു. '2047-ല്‍ വികസിത ഇന്ത്യ' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണം എം.എസ്.എം.ഇ. മേഖലയെ അതിന്റെ കാതലിലാണു പ്രതിഷ്ഠിക്കുന്നത്. എം.എസ്.എം.ഇകള്‍ക്കുള്ള ബാങ്ക് വായ്പ 2014 ഏപ്രില്‍ ഒന്നിലെ 10.40 ലക്ഷം കോടി രൂപയില്‍ നിന്ന് .2025 ഡിസംബര്‍ 31ന് 36.79 ലക്ഷം കോടി രൂപയായി ഉയര്‍ന്നു;പന്ത്രണ്ട് വര്‍ഷത്തിനിടയിലെ ഈ 268 ശതമാനത്തിന്റെ വര്‍ധന വലിയ സംരംഭങ്ങളുടെ വായ്പാ വളര്‍ച്ചയെപ്പോലും മറികടക്കുന്നതാണ്. പുതിയ തൊഴിലവസരങ്ങളില്‍ ഭൂരിഭാഗവും സൃഷ്ടിക്കപ്പെടാന്‍ പോകുന്നത് ഈ മേഖലയിലാണ്. ദശലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങളെ ബന്ധിപ്പിക്കുന്ന ഈ പോര്‍ട്ടലുകള്‍ വെറും ഡിജിറ്റല്‍ സൗകര്യങ്ങളല്ല;മറിച്ച്, ഒരു സംരംഭകനെപ്പോലും പിന്നിലാക്കാത്ത ഇന്ത്യക്കായി കെട്ടിപ്പടുത്ത പ്രതീക്ഷകളുടെ ഘടനയാണവ.
ശോഭ കരന്ദ്ലാജെ
(സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭം, തൊഴില്‍-ഉദ്യോഗവകുപ്പ്
കേന്ദ്രസഹമന്ത്രിയാണ് ലേഖിക)



