
ചെറുതോണി: അണക്കെട്ടിലെ സുരക്ഷാവീഴ്ചയെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഇന്നലെ മുതല്‍ സന്ദര്‍ശകരുടെ പരിശോധന കൂടുതല്‍ കര്‍ശനമാക്കി. അണക്കെട്ടിലേക്ക് കയറുന്നത് നാലുമണിവരെയാക്കി കുറച്ചു.
അണക്കെട്ടില്‍ അതിക്രമിച്ച് കയറി നിയമലംഘനം നടത്തിയ പ്രതിയെ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചില്ല. നാലംഗ സംഘമാണ് കാറില്‍ ജൂെലെ 22 ന് ഇടുക്കിയിലെത്തിയത്. ഇതിലെ പ്രധാന പ്രതി വിദേശത്തായതാണ് കേസിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തത്.
അണക്കെട്ടിനു മുകളില്‍ 11 താഴുകളും കവാടത്തിലെ െലെറ്റിനു സമീപം നാലും താഴുകളാണ് ഇയാള്‍ പൂട്ടിയത്. കുപ്പിയില്‍ കൊണ്ടുവന്ന ദ്രാവകം ഷട്ടറിന്റെ വടത്തിലൊഴിക്കുന്നതായും സി.സി ടിവി ക്യാമറ ദൃശ്യത്തില്‍നിന്നു കണ്ടെത്തിയിരുന്നു. അണക്കെട്ടിനു സമീപം 24 മണിക്കൂറും പോലീസ് ഔട്ട്പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയുള്ള പോലീസുകാരും െഹെഡല് ടൂറിസത്തിന്റെ ജീവനക്കാരും പരിശോധിച്ച ശേഷമാണ് സന്ദര്‍ശകരെ കടത്തിവിടുന്നത്. ബാഗുമായി പ്രതി കടന്നുപോയിട്ടും പോലീസിന്റെ ശ്രദ്ധയില്പ്പെടാത്തതില് ദുരൂഹതയുണ്ട്.
സംഭവ ദിവസം മഴയും മഞ്ഞും ഉണ്ടായിരുന്നതിനാലും തിരക്കായതിനാലുമാണ് ഇതു ശ്രദ്ധയില്പ്പെടാതിരുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. കെ.എസ്.ഇ.ബിയുടെ ചീഫ് എന്‍ജിനീയര്‍ അടങ്ങുന്ന വിദഗ്ധ സംഘം ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായിട്ടില്ല. അന്വേഷണം നടക്കുന്നു എന്നു മാത്രമേ പോലീസും പറയുന്നുള്ളൂ.
സംഭവം നടന്ന് ഒന്നരമാസത്തിനു ശേഷമാണ് താഴുകള്‍ സ്ഥാപിച്ചതു കണ്ടെത്തിയത്. കെ.എസ്.ഇ.ബിയുടെ ഉദ്യോഗസ്ഥര്‍ നിരവധി തവണ ഇതുവഴി കടന്നുപോയെങ്കിലും അനധികൃതമായി താഴുകള്‍ സ്ഥാപിച്ചത് കണ്ടുപിടിക്കാത്തതില്‍ ദുരൂഹതയുണ്ട്. പ്രതി മുന്‍കൂട്ടി പദ്ധതിയിട്ട് എത്തിയാണ് ആസൂത്രിതമായി താഴുകള്‍ സ്ഥാപിച്ചതെന്ന് വ്യക്തമാണ്. വിദേശത്തുള്ള പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.






