
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിലും ഇടതുമുന്നണിയിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. തൃക്കാക്കരയില്‍ ഉണ്ടായ അബദ്ധങ്ങള്‍ പുതുപ്പള്ളിയില്‍ ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു ആദ്യഘട്ട തീരുമാനമെങ്കിലും അതുതന്നെ പുതുപ്പള്ളിയിലും ആവര്‍ത്തിച്ചുവെന്ന വിലയിരുത്തലും സി.പി.എമ്മിലുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വേണ്ട തിരുത്തലുകള്‍ വേണമെന്ന ആവശ്യവും ഇടതുമുന്നണിയില്‍ ശക്തമാകും. രണ്ടുദിവസം കഴിഞ്ഞ് നിയമസഭാ സമ്മേളനംപുനരാരംഭിക്കുമ്പോള് സജീവമായി ഉയര്‍ന്നുകേള്‍ക്കാന്‍ പോകുന്നത് ഈ ഫലം തന്നെയായിരിക്കും. അത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയും ചെയ്യും. ബി.ജെ.പിയുടെ വോട്ടുചോര്‍ച്ച ചൂണ്ടിക്കാട്ടി പ്രതിരോധിക്കാന്‍ പോലും കഴിയാത്ത തരത്തിലാണ് തോല്‍വി. ബി.ജെ.പിക്ക് സമാനമായി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ വോട്ടിലും വലിയ ചോര്‍ച്ചയാണുണ്ടായത്. കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ ഏകദേശം 15,000 ല്‍പരം വോട്ടുകളുടെ കുറവാണ് ഇക്കുറി ജെയ്ക്കിനുണ്ടായിട്ടുള്ളത്. അതുകൊണ്ട് പ്രതിരോധം തീര്‍ത്തും ദുര്‍ബലമാകുന്ന സാഹചര്യമാണുള്ളതും.
സര്‍ക്കാരിനെതിരെ വലിയതോതിലുള്ള ആരോപണങ്ങളാണ് പലകോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നത്. ഇത് പ്രതിരോധിക്കുന്നുണ്ടെങ്കിലും ജനങ്ങളില്‍ സംശയത്തിന്റെ വിത്തുവിതയ്ക്കാന്‍ ഇതില്‍ പലതിനും കഴിയുന്നുണ്ടെന്ന വിലയിരുത്തലുണ്ട്. മാത്രമല്ല, സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി വലിയതോതില്‍ പൊതുസമൂഹത്തിനെ ബാധിക്കുന്നുണ്ട്. കേന്ദ്രത്തിന്റെ കടുംപിടുത്തവും നയങ്ങളും വിവേചനപരമായ നടപടികളും മൂലമാണ് ഇതുണ്ടാകുന്നതെന്ന് പൊതുസമൂഹം അംഗീകരിക്കുന്നുണ്ട്. എന്നാല്‍, ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍ കിട്ടാതാകുമ്പോള്‍ അത് അവര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് വഴിവയ്ക്കുന്നുണ്ട്. പാര്‍ട്ടിയോട് ഒരു ഉത്തരവാദിത്വവുമില്ലാത്തതരത്തില് ഭരണം മുന്നോട്ടുപോകുന്നത് ഭാവിയില്‍ ഗുണം ചെയ്യില്ലെന്ന വിലയിരുത്തലും പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇടതുമുന്നണിയിലും കടുത്ത അതൃപ്തി പലകാര്യങ്ങളിലുമുണ്ട്. മുന്നണിയെ വിശ്വാസത്തിലെടുക്കാതെ പലതും നടക്കുന്നുവെന്ന ആരോപണവും ശക്തമാണ്. അത് ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തെ വല്ലാതെ ബാധിക്കുന്നുണ്ട്.
തുടക്കത്തില്‍ വലിയ അവകാശവാദങ്ങള്‍ ഒക്കെ ഉന്നയിച്ചെങ്കിലും പ്രചാരണം ശക്തമായതോടെ കോണ്‍ഗ്രസ് ക്യാമ്പുകളും വല്ലാത്ത ആശങ്കയിലായിരുന്നു. അതുകൊണ്ടുതന്നെ മറ്റ് വിഷയങ്ങള്‍ മാറ്റിവച്ച് ഉമ്മന്‍ചാണ്ടിയില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു പ്രചാരണത്തിന് മാത്രമാണ് അവര്‍ ശ്രമിച്ചതും. തൃക്കാക്കരയില്‍ നിന്നുംവിരുദ്ധമായി പുതുപ്പള്ളി ഒരു കടുത്ത യു.ഡി.എഫ് മണ്ഡലമാണെന്ന് പറയാനും കഴിയില്ല.
മുന്‍പ് പാലായില്‍ അട്ടിമറി സംഭവിച്ച ചരിത്രവും യു.ഡി.എഫിന് മുന്നിലുണ്ടായിരുന്നു. ഇക്കാര്യങ്ങളൊക്കെ കൊണ്ട് വല്ലാത്ത ജാഗ്രതയോടെയാണ് കോണ്‍ഗ്രസ് മുന്നേറിയത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനു ശേഷം രണ്ട് ഉപതെരഞ്ഞെടുപ്പിലും വന്‍ വിജയം നേടാനായി എന്നത് കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വത്തിന് ആത്മവിശ്വാസം നല്കുന്നതുമാണ്.






