
കോട്ടയം: പുതുപ്പള്ളിയിലെ വന്‍ പരാജയത്തോടെ സി.പി.എമ്മിനു നേരിടേണ്ടി വരുന്നത് സമാനതകളില്ലാത്ത വെല്ലുവിളി. പുതപ്പള്ളിയില്‍ സി.പി.എം. ഉപയോഗിച്ച രാഷ്ട്രീയ തന്ത്രം അപ്പാടെ തൂത്തെറിഞ്ഞാണ് ചാണ്ടി ഉമ്മന്റെ തിളക്കമാര്‍ന്ന വിജയം. പ്രചാരണത്തിന്റെ തുടക്കം മുതല്‍ മണ്ഡലത്തിലെ വികസനം ചര്‍ച്ച ചെയ്യാനാണ് ഇടതുമുന്നണി ശ്രമിച്ചത്.
ഇവിടുത്തെ റോഡുകള്‍ ശോച്യാവസ്ഥയിലാണെന്നും കുടിവെള്ളത്തിനു ക്ഷാമമെന്നും ഒക്കെ സജീവ ചര്‍ച്ചയാക്കി മണ്ഡലം തിരിച്ചു പിടിക്കാനായിരുന്നു സി.പി.എമ്മിന്റെ ശ്രമം. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് താരപ്രചാരകനായ മുഖ്യമന്ത്രി പിണറായി വിജയന് എട്ടു പഞ്ചായത്തുകളിലും പങ്കെടുത്ത കണ്‍വന്‍ഷനുകളില്‍ പ്രധാനമായും ഊന്നിപ്പറഞ്ഞതും പുതുപ്പള്ളി മണ്ഡത്തിന്റെ വികസനമില്ലായ്മയും സംസ്ഥാന സര്‍ക്കാരിന്റെ വികസനവുമൊക്കെയായിരുന്നു.ഇതിലൂടെ ജനപിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്നും എല്‍.ഡി.എഫ്. നേതൃത്വം പ്രതീക്ഷിച്ചു.
എന്നാല്‍, തുടക്കം മുതല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന് ഊന്നല്‍ നല്കിയ യു.ഡി.എഫിന്റെ തന്ത്രം വിജയിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഉയര്‍ന്ന ആരോപണങ്ങളിലും വില വര്‍ധനയിലും നികുതി വര്‍ധനയിലും കാര്‍ഷിക വിലയിടിവിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു യു.ഡി.എഫിന്റെ പ്രചാരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തിയ മുഖ്യമന്ത്രി തനിക്കും കുടുംബത്തിനുമെതിരേ ഉയര്‍ന്ന ഒരു ആരോപണത്തിനു പോലും മറപടി പറയാതിരുന്നതും യു ഡി.എഫിന്റെ ആക്രമണത്തിനു കരുത്തേകി.
യു.ഡി.എഫ്. കേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ച ഫലമാണ് പുതുപ്പള്ളിയില്‍ ഉണ്ടായത്. മണ്ഡലം തിരിച്ചുപിടിക്കുമെന്ന് എല്‍.ഡി.എഫ്. ക്യാമ്പ് പ്രചരിപ്പിച്ചിരുന്നുവെങ്കിലും നേരിയ ഭൂരിപക്ഷത്തിന് ചാണ്ടി ഉമ്മന്‍ വിജയിച്ചേക്കുമെന്ന വിലയിരുത്തലാണ് ജില്ലയിലെ മുതിര്‍ന്ന ഇടതു നേതാക്കള്‍ക്കുണ്ടായിരുന്നത്. മണ്ഡലത്തിലെ എട്ടു പഞ്ചായത്തില്‍ ആറും ഇടതുമുന്നണി ഭരിക്കുന്ന സാഹചര്യത്തില്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചാലും നേരിയ ഭൂരിപക്ഷമേ ഉണ്ടാകൂ എന്ന ഉറച്ച വിശ്വാസമാണ് എല്‍.ഡി.എഫ്. നേതൃത്വത്തിന് ഉണ്ടായിരുന്നത്.
അങ്ങനെ വന്നാല്‍ സഹതാപ തരംഗമാണെന്നു പറഞ്ഞ് ഒഴിയാന്‍ കഴിയുമെന്നും ഇടത് നേതൃത്വം കണക്കുകൂട്ടി. എന്നാല്‍, ഇത്രയും വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ഇടത് നേതൃത്വത്തെ ഞെട്ടിച്ചു. പുതുപ്പള്ളി ഫലം സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചടുത്തോളം ഭരണത്തില്‍ ഒരു ചലനവും സൃഷ്ടിക്കില്ലെങ്കിലും ഏതാനും മാസം മാത്രം അപ്പുറത്ത് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി െഫെനലായാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയും ഈ തെരഞ്ഞെടുപ്പിനെ കണ്ടത്. ഈ സാഹചര്യത്തില്‍ പുതുപ്പള്ളിയിലെ കനത്ത പരാജയം സി.പി.എമ്മിനു വലിയ വെല്ലുവിളിയാണ്. മാത്രമല്ല, തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും കുടംബത്തിനുമെതിരേയുള്ള ആരോപണം യു ഡി.എഫ്. കൂടുതല്‍ ശക്തമാക്കും. ഇതോെട ഈ വിവാദങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാകും. ഇത് വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും.
ഏറെ പ്രതിസന്ധിയിലായത് ബിജെ.പിയാണ്. പാര്‍ലമെന്റ തെരഞ്ഞെടുപ്പില്‍ നാലു സീറ്റില്‍ വിജയിക്കാന്‍ ലക്ഷ്യമിട്ട് പ്രചാരണം തുടങ്ങിയ ബി.ജെ.പിക്ക് കെട്ടിവച്ച പണം പോലും കിട്ടിയില്ലെന്നതിനു സംസ്ഥാന നേതൃത്വത്തിനു മറുപടി പറയേണ്ടി വരും.






