
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ആഫ്രിക്കന്‍ യൂണിയന് സ്ഥിരാംഗത്വം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമ്മേളനത്തില്‍ ഇക്കാര്യം വിളംബരം ചെയ്തത്. തുടര്‍ന്ന് ഉച്ചകോടിയിലെ സ്ഥിരാംഗങ്ങളുടെ ഒപ്പം യൂണിയന് ചെയര്മാന് അസാലി അസൗമനിയ്ക്ക് സീറ്റ് അനുവദിച്ചു. 1999ല്‍ ജി20 ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ഒരു കൂട്ടിച്ചേര്‍ക്കല്‍ നടത്തുന്നത്.
'എല്ലാവര്‍ക്കുമൊപ്പം സംസാരിക്കണമെന്നതാണ് ഇന്ത്യയുടെ ചിന്ത. അതിന്റെ അടിസ്ഥാനത്തില്‍ ആഫ്രിക്കന്‍ യൂണിയനെ ജി20യില്‍ സ്ഥിരാംഗമായി ചേര്‍ക്കണമെന്ന നിര്‍ദേശത്തിന് എല്ലാവരുടെയും അംഗീകാരമുണ്ടെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ അംഗീകാരത്തോടെ... ആഫ്രിക്കന്‍ യൂണിയന് ചെയര്മാന് അസാലി അസ്സൗമനിയെ പൂര്‍ണ്ണ അംഗമെന്ന നിലയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയാണ്'- ചുറ്റികകൊണ്ട് മൂന്ന് തവണ മേശയില്‍ തട്ടിക്കൊണ്ടാണ് മോദി ഈ നിര്‍ദേശം വായിച്ചത്.
ജി20 കുടുംബത്തിലേക്ക് ആഫ്രിക്കന്‍ യൂണിയനെ ക്ഷണിക്കാന്‍ കഴിഞ്ഞു. അത് ജി20യേയും ഗ്ലോബല്‍ സൗ്ത്തിന്റെയും ശബ്ദം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും മോദി X പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തു.
ഗ്ലോബല്‍ സൗത്ത് ഉള്‍പ്പെടുന്ന പ്രത്യേകിച്ച് ആഫ്രിക്കന്‍ ഭൂഖണ്ഡം നേരിടുന്ന ആശങ്കകളും വെല്ലുവിളികളും ലക്ഷ്യങ്ങളും ഉയര്‍ത്തിക്കാണിക്കുന്നതില്‍ അടുത്തകാലങ്ങളായി ഇന്ത്യ പ്രത്യേക താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.






