
ന്യൂയോര്‍ക്ക്: ലിയോണേല്‍ മെസ്സിയുടെ പേര് പോലും ഇന്റര്‍ മിയാമിയ്ക്ക് ആവേശമാണ്. ലോകകപ്പ് യോഗ്യതാമത്സരം കളിക്കാനായി ലാറ്റിനമേരിക്കയിലേക്ക് പോയ മെസ്സി ഇല്ലാതെയും അദ്ദേഹത്തിന്റെ ക്ലബ്ബ് ഇന്റര്‍മിയാമിയ്ക്ക് ജയിക്കാനറിയാം. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ മെസ്സി ഇല്ലാതെ ഇറങ്ങിയ മത്സരത്തില്‍ ഇന്റര്‍മിയാമി 3-2 ന് ജയിച്ചു കയറി. കന്‍സാസ് സിറ്റിയ്ക്ക്് എതിരേയായിരുന്നു മയാമിയുടെ ജയം.
മെസ്സി ഉള്‍പ്പെടെ ഇന്റര്‍മയാമിയുടെ എട്ടു താരങ്ങളാണ് അന്താരാഷ്ട്ര മത്സരം കളിക്കാന്‍ പോയത്. എന്നാല്‍ ജെറാര്‍ഡോ ടറ്റ മാര്‍ട്ടിനോയുടെ ടീം തോല്‍ക്കാതെ 12 മത്സരങ്ങള്‍ പിന്നിട്ടു. മെസ്സിയുടെ വരവോടെ അപാരമായ ആത്മവിശ്വാസത്തിലേക്ക് ഉയര്‍ന്ന ടീം ഓരോ മത്സരവും ജീവന്മരണ പോരാട്ടമായി കണ്ട് നീങ്ങുകയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ ഫെലിപ്പേ ഗ്വിട്ടിറെസിന്റെ ഗോളില്‍ പിന്നില്‍ പോയ മയാമി ലിയനാര്‍ഡോ കമ്പാനയുടെ പെനാല്‍റ്റി ഗോളില്‍ സമനില പിടിക്കുകയായിരുന്നു. പിന്നാലെ കമ്പാന തന്നെ ടീമിന് ലീഡും നല്കി. പകുതിക്ക് പിരിയും മുമ്പ് ഡെ ആന്ദ്രേ യെല്ഡിന്റെ ക്രോസില്‍ തലവെച്ചാണ് കമ്പാന ലീഡ് കൊടുത്തത്.
രണ്ടാം പകുതിയില്‍ സ്പാനിഷ് മുന്‍ താരം സെര്‍ജിയോ ബുസ്ക്കെറ്റസ് എടുത്ത ഒരു ഫ്രീകിക്ക് വലയില്‍ എത്തിച്ച് അര്‍ജന്റീന ഫോര്‍വേഡ് ഫക്കുണ്ടോ ഫാരിയസ് മൂന്നാം ഗോളും നേടി. ഒന്നിനെതിരേ മൂന്ന് ഗോളുമായി പോയിന്റും വാങ്ങി പോകാനൊരുങ്ങിയ മിയാമിയ്ക്ക് കന്‍സാസ് സിറ്റി ഒരു ഗോള്‍ മടക്കിക്കൊടുത്തു. അലന് പുളീഡോയായിരുന്നു സ്കോറര്‍. ഈ സീസണില്‍ പുളീഡോ നേടുന്ന 13 ാം ഗോളായിരുന്നു ഇത്. ശനിയാഴ്ച മിയാമി നിലവിലെ ചാംപ്യന്മാരായ ലോസ് ഏഞ്ചല്‍സ് എഫ്്സിയെ നേരിടും.






