
ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യം അരുളിയ ജി20 ഉച്ചകോടിക്ക് ശേഷം ലോകനേതാക്കളെല്ലാം സ്വന്തം രാജ്യത്തും വീട്ടിലുമൊക്കെ എത്തിക്കഴിഞ്ഞു. എന്നാല്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്ക് ഇതുവരെ വീട്ടില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച ഉച്ചകോടി അവസാനിച്ച ശേഷം വിമാനത്തിന് കേടുപാടുകള്‍ പറ്റിയതാണ് കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍ കുടുങ്ങാന്‍ കാരണമായത്.
ജസ്റ്റിന് ട്രൂഡോയും സംഘവും കഴിയുന്നതും നേരത്തേ രാജ്യം വിടാമെന്നാണ് കരുതുന്നതെന്നാണ് തിങ്കളാഴ്ച കനേഡിയന്‍ അധികൃതര്‍ പ്രതികരിച്ചത്. എന്നാല്‍ ഇന്ന് ഉച്ചയോടെയേ ജസ്റ്റിന് ട്രൂഡോയ്ക്ക് മടങ്ങാന്‍ കഴിഞ്ഞേക്കു എന്നണ് വിവരം. പ്രധാനമന്ത്രിയെ നാട്ടിലേക്ക് മടക്കി കൊണ്ടുപോകാന്‍ രാജ്യത്തിന്റെ സായുഖ സേന തങ്ങളുടെ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഉച്ചകോടി കഴിഞ്ഞ് ഞായറാഴ്ച തന്നെ കനേഡിയന്‍ പ്രധാനമന്ത്രിയും പ്രതിനിധിസംഘവും മടങ്ങേണ്ടിയിരുന്നതാണ്. എന്നാല്‍ വിമാനത്തിന്റെ സാങ്കേതിക പ്രശ്നം പരിഹരിക്കാത്തതായിരുന്നു പ്രശ്നമായി മാറിയത്. പകരം മറ്റൊരു സംവിധാനം ഒരുക്കുമെന്നും തിങ്കളാഴ്ച രാത്രി 10 മണിയോടെ ഡല്‍ഹി വിമാനത്താവളത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രിയെ തിരികെ കൊണ്ടുപോകാനുള്ള വിമാനം വരുമെന്നും ഇവര്‍ പിന്നീട് പറഞ്ഞു.
കനേഡിയന്‍ സായുധ സേന പ്രതിനിധികളെ തിരികെ കൊണ്ടുപോകാനുള്ള ഏറ്റവും മികച്ച ശ്രമങ്ങളിലാണ് എന്നായിരുന്നു ചൊവ്വാഴ്ച രാവിലെ ഇ മെയിലിലൂടെ കനേഡിയന്‍ പ്രധാനമന്ത്രി ഓഫീസിന്റെ പ്രസ്താവന വന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കനേഡിയന്‍ പ്രധാനമന്ത്രിയും സംഘവും മടങ്ങുമെന്നാണ് പുതിയ അപ്്ഡേറ്റ്. വിമാനത്തിന്റെ കേടുപാടുകള്‍ അപ്പോഴത്തേക്ക് പരിഹരിക്കുമെന്നാണ് കരുതുന്നത്.






