
മുംബൈ: സനാതന ധര്‍മ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലെ മീര റോഡ് പോലീസ് സ്റ്റേഷനിലും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തി, (ഐപിസി 153 എ), മതവികാരം വ്രണപ്പെടുത്തി (ഐപിസി 295 എ) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പരാമര്‍ശത്തില്‍, കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശിലെ രാംപുരില്‍ അദ്ദേഹത്തിനെതിരെ ഒരു എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഉദയനിധിയുടെ പരാമര്‍ശത്തെ പിന്തുണച്ചതിന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മകന് പ്രിയങ്ക് ഖര്‍ഗെയെയും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐപിസി 295 എ, 153 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
ബിഹാറിലെ മുസാഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലും ഉദയനിധിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഉദയനിധിക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ബിജെപി നേതാക്കളുടെ ഒരു സംഘം ചൊവ്വാഴ്ച സംസ്ഥാന പോലീസിന് നിവേദനം നല്‍കിയിരുന്നു. സനാതന ധര്‍മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യപ്പെടുത്തിയ അദ്ദേഹം അതിനെ തുടച്ചുനീക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. പരാമര്‍ശം ദേശീയ തലത്തില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചു.






