പൂജാ പുഷ്പങ്ങളില്‍ താമരപ്പൂവിന് ശ്രേഷ്ഠമായ ഒരു സ്ഥാനമാണുള്ളത്. സഹസ്രദളപത്മം പേരുപോലെ തന്നെ ആയിരം ഇതളുകളുള്ള താമരയാണ്. മഹാലക്ഷ്മി താമരയില്‍ ഇരിക്കുന്നു എന്നത് കവിഭാവന ആയിരിക്കാം. ഒരുപക്ഷേ, പത്മാസനത്തില്‍ ഇരിക്കുന്നതിനെ വര്ണ്ണിച്ചതായിരിക്കാം ഇങ്ങനെ. അതിന്റെ മറ്റൊരാര്‍ത്ഥം താമരയില്‍ ഐശ്വര്യം കുടികൊള്ളുന്നു എന്നുകൂടിയാണ്.
ശുദ്ധജലത്തില്‍ വളരുന്നതും പൂക്കള്‍ ജലനിരപ്പില്‍ നിന്ന് ഉയര്‍ന്ന് വിരിയുന്ന സസ്യമാണ് താമര. ഇന്ത്യയുടെയും, ഈജിപ്ത്തിന്റെയും ദേശീയ പുഷ്പമാണിത്. 'നെലുമ്പോ നൂസിഫെറാ' എന്നാണ് ശാസ്ത്രീയ നാമം.
താമരയുടെ സൗന്ദര്യത്തെക്കുറിച്ച് കവികള്‍ ധാരാളം വാഴ്ത്തിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകളെ താമരയോട് ഉപമിക്കാറുണ്ട്. താമര ഇതളുകള്‍ പോലെ ഉള്ള കണ്ണുകള്‍ ആയതുകൊണ്ടാണ് ഭഗവാന് ശ്രീകൃഷ്ണനെ 'പങ്കജാക്ഷന്' എന്ന് വിളിക്കുന്നത്.
അരവിന്ദം, അംബുജം, കമലം, ജലജം, പത്മം, പങ്കജം, നളിനം, വനജം, വാരിജം, ശ്രീനികേതം, സരോജം തുടങ്ങിയവ താമരയുടെ പര്യായങ്ങള്‍ ആണ്. ബ്രഹ്മാവ് ഇരിക്കുന്നത് താമരയിലാണ്. ആയിരം ഇതളുള്ള താമരയിലാണ് സരസ്വതി ഇരിക്കുന്നത് എന്നാണ് വിശ്വാസം. അറിവ് വര്‍ദ്ധിക്കുമ്പോള്‍ ലാളിത്യവും ഉണ്ടാകുമെന്നും ഇതിന് അര്‍ത്ഥമുണ്ട്.
സഹസ്രാരപത്മത്തെ യോഗശാസ്ത്രം ഏഴാമത്തെ പ്രാഥമിക ചക്രമായി കണക്കാക്കുന്നു. പിങ്ക് വര്‍ണ്ണത്തിലുള്ള താമര ലക്ഷ്മിയുടെ ഇരിപ്പിടമാണ്. അതിനാല്‍ പത്മിനി, പത്മപ്രിയ എന്ന പേരുകളില്‍ മഹാലക്ഷ്മിയെ വിളിക്കുന്നു.
ശകുന്തള പ്രേമലേഖനം എഴുതിയത് താമരയിലകളിലാണെന്ന് കാളിദാസന് വര്‍ണിക്കുന്നു. മധുരമീനാക്ഷി ക്ഷേത്രത്തിലെ ശിവക്ഷേത്രത്തിന് സമീപമുള്ള കുളത്തില്‍ നിന്നും സ്വര്‍ണത്താമര വിടര്‍ന്നു വന്നു എന്നാണ് ഐതിഹ്യം. അതിനാല്‍ അതിന്റെ ഓര്‍മ്മയ്ക്കായി കുളത്തില്‍ സ്വര്‍ണത്തിന്റെ താമര നിര്‍മ്മിച്ചു വച്ചിരിക്കുന്നു. മഹാവിഷ്ണുവിന്റെ നാല് കൈകളില്‍ ഒന്നില്‍ താമരപ്പൂവാണ് ഉള്ളത്. ശ്രേഷ്ഠമായ പൂജാ പുഷ്പങ്ങളില്‍ ഒന്നാണിത്.
താമരയുടെ പൂവ് മരുന്നിന് ഉപയോഗിക്കും. കഫം, രക്തദോഷം, പിത്തം, ഭ്രമം, വിഷം, തണ്ണീര്‍ ദാഹം, നേത്രരോഗം, ഛര്‍ദ്ദി മുതലായവയ്ക്ക് നന്ന്. താമരത്തണ്ടും കുരുവും പിത്തം, ഛര്‍ദ്ദി, രക്തദോഷം ഇവയ്ക്ക് നല്ലതാണ്. താമരയുടെ കുരുവും തണ്ടും ഭക്ഷ്യയോഗ്യമാണ്. കേരളത്തില്‍ ഇന്ന് മട്ടുപ്പാവ് താമര കൃഷിയായി ഇത് വികസിച്ചു വരുന്നു.
വാസ്തുശാസ്ത്രം അനുസരിച്ച് വീടിന് വടക്ക് കിഴക്ക് ഭാഗത്ത് താമരക്കുളം നിര്‍മ്മിക്കുന്നത് ഉത്തമമാണ്.
ഇപ്പോള്‍ വളരെ വേഗം വളര്‍ന്നുവരുന്ന ഒരു കൃഷിയാണ് താമര കൃഷി. താമര ഒരു പ്ലാസ്റ്റിക് പോട്ടിലിലോ, കോണ്‍ക്രീറ്റ് പോട്ടിലോ വളര്‍ത്താം. താമരയുടെ ട്യൂബര്‍ (താമര കിഴങ്ങ്) അല്ലെങ്കില്‍ ലൈനര്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ ലഭ്യമാണ്. ഏതാണ്ട് 300 രൂപ മുതല്‍ 10,000 രൂപ വരെയുള്ള ട്യൂബറുകള്‍ ഇന്ന് ലഭ്യമാണ്. ഏഴ് മണിക്കൂര്‍ വെയില് കിട്ടുന്ന സ്ഥലത്ത് വേണം താമര വയ്ക്കാന്‍.
ഹൈബ്രിഡ് താമരകള്ക്കാണ് ഡിമാന്റുള്ളത്. നാടന്‍ താമരകള്‍ വളര്‍ത്തിയാല്‍ വലിയ വില കിട്ടില്ല. ഒരു താമരയില്‍നിന്നും അഞ്ചോ, ആറോ ട്യൂബറുകള്‍ ഒരു വര്‍ഷത്തില്‍ വില്ക്കാന് കിട്ടുന്നതാണ്. ഫെയിസ്ബുക്കില് താമര വരുത്തുന്നവരുടെ കൂട്ടായ്മയുമുണ്ട്.
പലരും അവര്‍ വാങ്ങിയതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് പിന്നീട് വില്‍ക്കുന്നത്. ഈ അടുത്ത കാലത്താണ് പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന സഹസ്രദളപത്മം ചൈനയില്‍ കണ്ടെത്തി. ചൈനയില്‍നിന്നും ഇപ്പോള്‍ ധാരാളം വെറൈറ്റി താമരകള്‍ ലോകമെമ്പാടും എത്തിച്ചേരുന്നുണ്ട്. ഇന്ത്യയിലേക്ക് ചൈനയില്‍ നിന്നും ചെടികള്‍ നേരിട്ട് ഇറക്കുമതി ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. അതിനാല്‍ മറ്റു ചില രാജ്യങ്ങളിലൂടെ അത് നമ്മുടെ നാട്ടിലും എത്തുന്നു.
താമരപ്പൂക്കള്‍ വിറ്റും പണമുണ്ടാക്കാം. താമരയുടെ പോട്ടില്‍ കൊതുകു മുട്ടയിടാന്‍ സാധ്യതയുണ്ട്. അതിനാല്‍ അതിനോടൊപ്പം തന്നെ അലങ്കരമത്സ്യങ്ങള് വളര്‍ത്തുകയും ചെയ്യാം. അതിലൂടെ മറ്റൊരു ഗുണം കൊതുക് ശല്യം കുറയ്ക്കുകയും ചെയ്യാമെന്നതും കൂടിയാണ്.
ധാരാളം വര്‍ണങ്ങളിലുള്ള താമരകള്‍ കൃത്രിമമായി ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. താമരയും മത്സ്യങ്ങളും നമ്മുടെ കോമ്പൗണ്ടില്‍ ഉണ്ടെങ്കില്‍ ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഫെങ്ഷൂയിയിലും ഇത് പറയുന്നുണ്ട്.
ഒരു വീട്ടില്‍ ഒരു താമരയെങ്കിലും വേണം. ഇന്ന് പൂജാ ആവശ്യങ്ങള്‍ക്കും മറ്റുമായി താമര അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. താമര നടാനായി സാധാരണ ലഭ്യമായ മണ്ണ് മതിയാകും. അല്പം ഉണക്ക ചാണകപ്പൊടിയും ചേര്‍ത്ത് നടുന്നതാണ് നല്ലത്. എന്‍.പി.കെ. കൂട്ടുവളമായോ ഡൈയമോണിയം ഫോസ്ഫേറ്റോ (DAP) ഇട്ടുകൊടുത്താല്‍ ധാരാളം പൂക്കള്‍ ഉണ്ടാകുന്നതാണ്.
നാടന്‍ താമരയാണ് പാടത്തും മറ്റും വ്യാപകമായി കൃഷി ചെയ്യുന്നത്. നാടന്‍ താമരയുടെ കിഴങ്ങ് അരിഞ്ഞുണക്കി കൊണ്ടാട്ടമായി ഉപയോഗിക്കാറുണ്ട്. ഏതാണ്ട് നവംബര്‍ മാസത്തോടെ താമരപ്പൂക്കളുടെ സീസണ് കഴിയും. പിന്നീട് മാര്‍ച്ച് മുതലാണ് അധികമായി പൂക്കള്‍ ഉണ്ടാവുക.