
തിരുവനന്തപുരം : എല്‍ ഡി എഫ് മന്ത്രി പുനഃസംഘടന ചർച്ച സജീവമായതോടെ എന്‍സിപിയില്‍ ഭിന്നാഭിപ്രായം . മന്ത്രി സ്ഥാനമായി ബന്ധപ്പെട്ട് തോമസ് കെ തോമസ് എംഎല്‍എയുടെ പ്രതികരണത്തിന് മറുപടിയുമായി മന്ത്രി എകെ ശശീന്ദ്രന്. രണ്ടര വർഷം കരാർ ഉറപ്പിച്ചിരുന്നെങ്കിലും എൻസിപിയിൽ എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയാൻ സന്നദ്ധനല്ല.
തോമസ് കെ തോമസ്സും എ കെ ശശീന്ദ്രനും തമ്മിൽ തർക്കം മുറുകുകയാണ്. മന്ത്രിയാകാൻ ആർക്കും ആഗ്രഹിക്കാം. പക്ഷേ അത് പറയേണ്ടത് എവിടെ എന്ന് ആലോചിക്കണം. മാധ്യമങ്ങളെക്കാൾ നല്ലത് പാർട്ടി വേദിയാണ്. അവിടെയാണ് ആവശ്യം പറയേണ്ടത് എന്നാണ് എ കെ ശശീന്ദ്രൻ ഇന്ന് തോമസ് കെ തോമസിന് മറുപടി നൽകിയത്.
രണ്ടര വർഷം വീതം മന്ത്രി പദം പങ്കിടൽ മുൻധാരണയാണെന്ന് തോമസ് കെ തോമസ്സ് വാദിക്കുന്നു. മന്ത്രിസ്ഥാനത്തോട് മോഹമില്ലെന്നും പാർട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം നടപ്പിലാക്കണമെന്നും അദ്ദേഹം പിന്നാലെ പറഞ്ഞു. ഏത് പാർട്ടി വേദിയിലാണ് ഇത് പറയേണ്ടതെന്ന് ശശീന്ദ്രൻ വ്യക്തമാക്കണം. പാർട്ടി നേതൃത്വം ശശീന്ദ്രനും പിസി ചാക്കോയും കയ്യടക്കി വെച്ചിരിക്കുന്നു എന്നും തോമസ് കെ തോമസ് പറഞ്ഞു.
മന്ത്രിസഭ പുനഃസംഘടന എന്‍സിപിക്കും ബാധകമാണെന്ന് തോമസ് കെ തോമസ് പറഞ്ഞു. ശശീന്ദ്രൻ വിട്ടുവീഴ്ചക്ക് തയ്യാറായില്ലെങ്കിൽ എൻസിപിയിൽ പൊട്ടിത്തെറി ഉറപ്പാണ്.
ഒറ്റ എംഎല്‍എമാര്‍ മാത്രമുള്ള പാര്‍ട്ടികളുടെ നിലവിലെ മന്ത്രിമാര്‍ ഒഴിവാകും. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും മന്ത്രിമാരായേക്കും. വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം. മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കുന്നതില് സിപിഐഎമ്മില്‍ ഭിന്നാഭിപ്രായമുണ്ട്.
ആദ്യഘട്ടത്തിൽ മന്ത്രിസ്ഥാനം ആവശ്യപ്പെടാതെ ഇരുന്ന എൽ ജെ ഡി ഇത്തവണ മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്നാണ് സൂചന. ആവശ്യം അംഗീകരിച്ചാൽ ഏക അംഗം കെ പി മോഹനൻ മന്ത്രിയാകും. ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിയും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടേക്കും. ഏക അംഗമായ കോവൂർ കുഞ്ഞുമോൻ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചതായാണ് സൂചന.






