
ജയ്പ്പൂര്‍: ബൈക്കില്‍ സഞ്ചരിക്കവേ പരസ്പരം ചുംബിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. കഴിഞ്ഞ ദിവസമായിരുന്നു രാജസ്ഥാനിലെ ജയ്പ്പൂരിലെ ദുര്‍ഗാപൂര്‍ മേഖലയിലെ തിരക്കേറിയ റോഡില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
ബുള്ളറ്റ് ഓടിക്കുമ്പോള്‍ യുവാവ് പിന്നില്‍ ഇരിക്കുന്ന യുവതിയെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവരുടെ പിന്നില്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുള്ളവരാണ് വീഡിയോ പകര്‍ത്തിയത്. യുവാവും യുവതിയും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചെന്ന കേസിലാണ് യുവാവിനെതിരെ നടപടി. വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞട്ടുണ്ടെന്നും ഉടന്‍ ഇയളെ പിടികൂടുമെന്നും ജയ്പ്പൂര്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു . കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ജയ്പ്പൂരിലും സമാനസംഭവമുണ്ടായിരുന്നു. ബുള്ളറ്റ് ഓടിക്കുമ്പോള്‍ പരസ്പരം ചുംബിച്ചവരെയാണ് അന്ന് പിടികൂടിയത്. ജൂണ്‍ മാസത്തില്‍ ഉത്തര്‍പ്രദേശിലെ രാംപൂരിലും സ്കൂട്ടര്‍ യാത്രികരുടെ ചുംബനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്നുപേര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സ്കൂട്ടറില്‍ പിന്നിലിരുന്ന രണ്ടു പേരാണ് ചുംബിച്ചത്. വാഹനത്തിന്റെ പിന്നാലെ വന്ന ചിലര്‍ ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.സംഭവം രാംപൂരിലെ സിവില്‍ ലൈന്‍സ് ഏരിയയില്‍ വച്ചായിരുന്നു. അതു പോലെ ജനുവരിയില്‍ ലഖ്നൗവിലെ ഹസ്രത്ഗഞ്ചില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടിയില്‍ ഇരുന്ന് ദമ്പതികള്‍ കെട്ടിപ്പിടിക്കുന്ന വീഡിയോ വൈറലായിരുന്നു. ദമ്പതികള്‍ക്കെതിരെ അന്ന് നടപടി സ്വീകരിച്ചത് അശ്ലീലം പ്രചരിപ്പിച്ചതിനും മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരവുമായിരുന്നു.







Comments