
കൊച്ചി: ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് മേഖലയില്‍ മയക്കുമരുന്നു കടത്ത് വ്യാപകമായതോടെ ഒമ്പത്, പത്ത് ഡിഗ്രി ചാനലുകളില്‍ നേവി, കോസ്റ്റ്ഗാര്‍ഡ് നിരീക്ഷണം ശക്തമാക്കി. പടിഞ്ഞാറന്‍ തീരത്ത് നാവികസേന പട്രോളിങ് കര്‍ശനമാക്കിയതോടെ ആന്‍ഡമാന്‍ വഴിയാണു കള്ളക്കടത്തു സംഘം ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്കും തെക്കു കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കും മയക്കുമരുന്നെത്തിക്കുന്നത്.
ടെന്‍ ഡിഗ്രി ചാനലില്‍ മയക്കുമരുന്നുകടത്ത് പിടികൂടുന്നതു പതിവായ സാഹചര്യത്തിലാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം നേവിയും കോസ്റ്റ്ഗാഡും സംയുക്ത നിരീക്ഷണം ശക്തമാക്കുന്നത്. രാജ്യാന്തര മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനം ഇന്ത്യ ഉള്‍പ്പെടെയുള്ള ബിംസ്റ്റെക്ക് (ബംഗാള്‍ ബേ ഓഫ് ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി-സെക്ടറല്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ ഓപ്പറേഷന്) അംഗരാജ്യങ്ങള്‍ക്കു വലിയ ഭീഷണിയാണ്.
മിക്ക ഭീകരശൃംഖലകളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്താനായി കള്ളപ്പണം വെളുപ്പിക്കലിലും മയക്കുമരുന്നു വ്യാപാരത്തിലും ഏര്‍പ്പെടുന്നു. ഇതു മേഖലയുടെ സൈ്വര്യജീവിതത്തിനു തടസമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കല്പേനി, സുഹേലി പാര് ദ്വീപുകള്‍ക്കും മിനിക്കോയ് ദ്വീപിനും ഇടയിലുള്ള ചാനലാണ് ഒമ്പത് ഡിഗ്രി ചാനല്‍.
ഡെന്‍ ഡിഗ്രി ചാനല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുസമൂഹങ്ങളെ വേര്‍തിരിക്കുന്നു. തന്ത്രപ്രധാനമായ ഈ വാണിജ്യമേഖല വഴിയാണു ആഗോള കള്ളക്കടത്തിന്റെ വലിയപങ്കും നടക്കുന്നത്.
പശ്ചിമേഷ്യയിലെ ഐ.എസ്. നിയന്ത്രിത മേഖലകളില്‍ ഉത്പാദിപ്പിക്കുന്ന കഞ്ചാവും രാസലഹരിയും ഇറാന്, മ്യാന്മര്, ശ്രീലങ്കന്‍ സംഘങ്ങളാണു മത്സ്യബന്ധനത്തിന്റെയും ചരക്കുഗതാഗതത്തിന്റെയും മറവില്‍ ഇന്ത്യന്‍തീരത്ത് എത്തിക്കുന്നത്്.
ലക്ഷദ്വീപ്, ആന്‍ഡമാന്‍ ദ്വീപുകള്‍ മയക്കുമരുന്ന് മാഫിയ താവളമാക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് പലതവണ മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. ആന്‍ഡമാനില്‍നിന്നു കൊച്ചി കസ്റ്റംസ് പ്രിവന്റീവും കേരള എക്സൈസ് ക്രൈംബ്രാഞ്ചും ചേര്‍ന്നു കഴിഞ്ഞാഴ്ച നൂറുകോടിയുടെ രാസലഹരി പിടിച്ചെടുത്തിരുന്നു.
നാലുവര്‍ഷമായി ജാപ്പനീസ് ബങ്കറില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്നാണു പിടിച്ചെടുത്തു നശിപ്പിച്ചത്. ഈ ദ്വീപുകളില്‍ മയക്കുമരുന്നു പിടിച്ചെടുത്ത സംഭവം അപൂര്‍വമായിരുന്നു. ആളൊഴിഞ്ഞ ദ്വീപുകളിലും കരയോടുചേര്ന്നും വന്‍തോതില്‍ മയക്കുമരുന്നു സൂക്ഷിച്ചിട്ടുണ്ടെന്നാണു വിവരം. ദ്വീപുവാസികളുടെ സഹായത്തോടെയാണിത്.
ആള്‍പാര്‍പ്പില്ലാത്ത ദ്വീപുകളില്‍ സൂക്ഷിച്ചശേഷം ആവശ്യാനുസരണം വന്‍കരയില്‍ എത്തിക്കുന്നു. ദ്വീപുകള്‍ കേന്ദ്രീകരിച്ചു നീരിക്ഷണം ശക്തമാക്കുന്നതിനൊപ്പം നാട്ടുകാരില്‍ ബോധവല്‍ക്കരണം ഊര്‍ജിതമാക്കണമെന്നും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, ആന്‍ഡമാനില്‍നിന്നു മയക്കുമരുന്ന് കേരളത്തില്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ സാദിഖിനായി അന്വേഷണ ഏജന്‍സികള്‍ വിലവിരിച്ചിട്ടുണ്ട്. അയാള്‍ ചെൈന്നയിലുണ്ടെന്നാണു വിവരം.






