
ശബരിനാഥിന്റെ വിയോഗം സീരിയല്ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. പരമ്പരകളുമായി മുന്നേറുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. ശബരിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് സാജന് സൂര്യ. ആ നഷ്ടം നികത്താനാവാത്തതാണെന്ന് മുന്‍പ് സാജന് പറഞ്ഞിരുന്നു. ശബരിക്കൊപ്പമുള്ള ഫോട്ടോയുമായെത്തിയിരിക്കുകയാണ് അദ്ദേഹം. കൂട്ടുവെട്ടി പിരിഞ്ഞതല്ല കൂട്ടുകാരൻ. നമ്മളെ കാക്കാൻ ദൈവത്തോടൊപ്പം കൂടിയതാ. പക്ഷേ ഞങ്ങൾക്കിഷ്ടം കൂടെ നിന്ന് സംരക്ഷിക്കുന്നതായിരുന്നു. പണ്ടേ പറഞ്ഞാൽ അനുസരണയില്ലാത്തവനായിപ്പോയി എന്നായിരുന്നു സാജന്റെ കുറിപ്പ്.
മുന്‍പും ശബരിയെക്കുറിച്ച് വാചാലനായി സാജന് എത്താറുണ്ട്. ഒന്നിച്ച് പോയ യാത്രകളിലെ പ്രിയനിമിഷങ്ങളും അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. സാജാ എന്നുള്ള വിളി കേള്‍ക്കുമ്പോള്‍ അവനിപ്പോഴും കൂടെയുണ്ടെന്ന് തോന്നും. കുടുംബസമേതമായി നടത്തിയ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയുമെല്ലാം സാജന് പങ്കുവെച്ചിരുന്നു.
നിര്‍മാല്യം പരമ്പരയില്‍ അഭിനയിക്കുന്ന സമയത്താണ് സാജനും ശബരിയും അടുത്ത സുഹൃത്തുക്കളായി മാറിയത്. അന്ന് വില്ലന്‍ വേഷത്തിലായിരുന്നു ശബരി. ഒരേ നാട്ടുകാരും സമാനമായ ചിന്താഗതികളുമൊക്കെയാണ് ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചത്. കുടുംബപരമായും അടുത്ത സൗഹൃദമുണ്ട്. ഒന്നര കിലോ മീറ്റര്‍ അകലത്താണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഏതാവശ്യത്തിന് എപ്പോള്‍ വിളിച്ചാലും അവന് ഓടിയെത്തുമായിരുന്നു. തിരിച്ച് ഞാനും അങ്ങനെ തന്നെയാണെന്നും സാജന് പറഞ്ഞിരുന്നു.






