
തൊടുപുഴ: ഭര്‍ത്താവിനോടുള്ള വൈരാഗ്യത്തില്‍ ഇയാളുടെ മകളായ പെണ്‍കുട്ടിയെ വില്‍പ്പനയ്ക്ക് വെച്ചതായി സാമൂഹ്യമാധ്യമത്തില്‍ പരസ്യം ചെയ്ത കേസില്‍ പ്രതി രണ്ടാനമ്മ. പിതാവിന്റെ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ചായിരുന്നു പോസ്റ്റ് ഇട്ടത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ രണ്ടാനമ്മയിലേക്ക് എത്തിയത്. 11 കാരിയെയാണ് വില്‍പ്പനയ്ക്ക് വെച്ചത്.
ഭര്‍ത്താവിനോടുള്ള വിരോധത്തില്‍ ചെയ്തതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. മാതാവ് ഉപേക്ഷിച്ചുപോയ പെണ്‍കുട്ടിയെ വളര്‍ത്തുന്നത് പെണ്‍കുട്ടിയുടെ വല്യമ്മയും വല്യച്ഛനും ചേര്‍ന്നാണ്. ലഹരി ഉപയോഗിക്കുന്ന ആളായതിനാല്‍ ആദ്യം പിതാവിനെതിരേയാണ് സംശയം ഉണ്ടായത്. എന്നാല്‍ ഐപി അഡ്രസ് അടിസ്ഥാനമാക്കിയുള്ള അന്വേഷണം രണ്ടാനമ്മയിലേക്ക് എത്തുകയായിരുന്നു.
രണ്ടു ദിവസം മുമ്പായിരുന്നു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയും പിന്നാലെ പെണ്‍കുട്ടി വല്യമ്മയുടെ സഹായത്തോടെ പോലീസില്‍ എത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ആദ്യം പിതാവിനെ സംശയിച്ച പോലീസ് അന്വേഷണത്തില്‍ അയാളല്ല ഇക്കാര്യം ചെയ്തതെന്ന് സ്ഥിരീകരിക്കുകയും ചെയ്ത ശേഷമാണ് രണ്ടാനമ്മയിലേക്ക് എത്തിയത്.
എവിടെ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന ഫോണിന്റെ ഐപി അഡ്രസ് വെച്ചുള്ള അന്വേഷണം പെണ്‍കുട്ടിയുടെ രണ്ടാനമ്മയിലേക്ക് എത്തുകയായിരുന്നു. ആദ്യം ചോദ്യം ചെയ്തെങ്കിലും ഇവര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഐപി അഡ്രസ് വെച്ചുള്ള ചോദ്യം ചെയ്യലില്‍ ഇവര്‍ പരസ്യം പോസ്റ്റ് ചെയ്തത് താനാണെന്ന് സമ്മതിക്കുകയായിരുന്നു. സ്വന്തം ഫോണില്‍ നിന്നുമായിരുന്നു ഇവര്‍ പരസ്യം ചെയ്തത്.
യുവതിയ്ക്ക് ആറുമാസം പ്രായമായ മറ്റൊരു കുട്ടി കൂടി ഉള്ളതിനാല്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. പിഞ്ചുകുഞ്ഞിനെ കൂടി പരിഗണിക്കേണ്ട സാഹചര്യം ഉള്ളതിനാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടേയും ഉപദേശം അനുസരിച്ചായിരിക്കും അറസ്റ്റ് എന്നാണ് വിവരം. കൊച്ചുകുട്ടിയെ കൂടി പരിഗണിക്കാന്‍ സൗകര്യമുള്ള ജയിലുകള്‍ ഇടുക്കിയില്‍ ഇല്ലാത്തതിനാലാണ് വിദഗ്ദോപദേശം തേടിയിരിക്കുന്നത്. പെണ്‍കുട്ടിയെ പോലീസ് കൗണ്‍സിലിംഗിനും വിധേയമാക്കും.






