
ചെന്നൈ: തോഴി എന്ന നിലയില്‍ നിന്ന് മാറി അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായാണ് ഇന്നലെ ശശികല മറീന ബീച്ചിലെ ജയാ സ്മാരകത്തിലെത്തിയത്. ഒട്ടേറെ വാഹനങ്ങളുടെ അടമ്പടിയോടെ ജയലളിത വന്നിരുന്നതു പോലെ പ്രൗഡിയില്‍ തന്നെയായിരുന്നു ശശികലയുടെ വരവും. കരുണയുള്ള അമ്മ, ചിന്നമ്മ എന്ന മുദ്രാവാക്യത്തോടെയാണ് അണികള്‍ ശശികലയെ വരവേറ്റത്.
ജയസ്മാരകത്തില്‍ ശശികല മൗന പ്രാര്‍ത്ഥനയിലായിരുന്നു. സെക്രട്ടറിയായി നിയമിച്ചുള്ള പാര്‍ട്ടി പ്രമേയം ജയയുടെ കല്ലറയില്‍ വെച്ചപ്പോള്‍ അവര്‍ വിങ്ങിപ്പൊട്ടി. സാഷ്ടാംഗ പ്രണാമവും പ്രദക്ഷിണയും പല തവണ പുഷ്പാര്‍ച്ചനയും നടത്തി.
അണ്ണാദുരൈ, എംജിആര്‍ എന്നിവരുടെ സ്മാരകത്തിലും ശശികല പുഷ്പാര്‍ച്ചന നടത്തി. തമിഴ്നാട് മുഖ്യമന്ത്രി പനീര്‍സെല്‍വം, ഡപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈ തുടങ്ങിയവരും മന്ത്രിമാരും എംഎല്‍എമാരും ശശികലയെ അനുഗമിച്ചു. ഇന്ന് പാര്‍ട്ടി സെക്രട്ടറിയായി ഔദ്യോഗികമായി ശശികല സ്ഥാനമേല്‍ക്കുമെന്നാണ് സൂചന.






