
തിരുവനന്തപുരം : ജാതി വിവേചനം നേരിട്ടെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ക്ഷേത്രം ട്രസ്റ്റ് ബോർഡ്. സംഘാടകരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെങ്കിൽ തിരുത്തുമെന്നും ദേവസ്വംബോർഡിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ച് വീഴ്ച പരിഹരിക്കുമെന്നും ക്ഷേത്രം ട്രസ്റ്റി ബോർഡ് വിശദീകരണം നൽകി .
അതേ സമയം മന്ത്രിയ്ക്ക് തെറ്റിദ്ധാരണ ഉണ്ടായതാണെന്നും പൂജാരിമാര്‍ ആചാരം പാലിക്കുകയാണ് ചെയ്തതെന്നും പറഞ്ഞ യോഗക്ഷേമസഭയ്ക്കും തന്ത്രി സമാജത്തിനും മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ രംഗത്ത് വന്നു. താൻ ആദ്യമായല്ല അമ്പലത്തിൽ പോകുന്നത്. ക്ഷേത്രത്തിനകത്തല്ല, പുറത്തായിരുന്നു പരിപാടി. ദേവപൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കില്ലെങ്കിൽ പിന്നെ എന്തിനാണ് പൂജാരി പുറത്തിറങ്ങിയതെന്നും മന്ത്രി ചോദിച്ചു.
മാസങ്ങൾക്കുശേഷം അഭിപ്രായം പറഞ്ഞതിൽ ഒരു ദുഷ്ടലാക്കുമില്ല. പ്രസംഗം നടത്തിയ ദിവസം രാവിലെ 2 വാർത്തകൾ വായിച്ചു. ദളിത് വേട്ടയുടെ വാർത്തയായിരുന്നു അത്. അതിനു ശേഷം നടന്ന പരിപാടിയിൽ അനുഭവം പങ്കുവെച്ചന്നേയുളളു. കണ്ണൂരിലെ വേദിയിൽ തന്നെ താൻ പ്രതികരിച്ചിരുന്നു. അന്ന് അത് ചർച്ച ആയില്ല. ചില സമയങ്ങളാണ് ചർച്ച ഉയർത്തി കൊണ്ടുവരുന്നത് എന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ ജനുവരി 27ന് നടന്ന ക്ഷേത്ര ചടങ്ങുമായി ബന്ധപ്പെട്ട് നിലവിളക്ക് കൊളുത്തുന്നതിനിടെ ജാതി വിവേചനം നേരിട്ടതെന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. ആദ്യം ഭദ്രദീപം കൊളുത്തിയ തന്ത്രി വിളക്ക് മേല്‍ശാന്തിക്ക് കൈമാറി. മേല്‍ശാന്തി വിളക്ക് മന്ത്രിക്ക് കൈമാറുന്നതിന് പകരം നിലത്ത് വെക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്, ഭദ്രദീപം കൊളുത്താന്‍ മന്ത്രി തയ്യാറായില്ല.
തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ മന്ത്രി ജാതി വിവേചനത്തിനെതിരെ സംസാരിക്കുകയും ചെയ്തു. പിന്നീട് ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി രാധാകൃഷ്ണന് തനിക്ക് നേരിട്ട് ജാതി വിവേചനം സൂചിപ്പിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്.






