തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2013 നും 2017 നും സമാനമായി ഈ വര്‍ഷം ഡെങ്കി്പപനി രോഗവ്യാപനം കൂടുതലാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍
ജാഗ്രതാ നിര്‍ദേശം നല്കി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിനാല്‍ കാര്യമായ തോതില്‍ കേസുകള്‍ വര്‍ധിച്ചിട്ടില്ല.
ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉള്‍പ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയില്‍ തുടരേണ്ടത് രോഗപ്പകര്‍ച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്. ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനായി കൂട്ടായ പ്രവര്‍ത്തനം അനുവാര്യമെന്നും മന്ത്രി പറഞ്ഞു.
പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നു. ആരോഗ്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണെന്ന് നിര്‍ദേശം നല്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ജില്ലാ കളക്ടര്‍മാരുമായി കൂടിയാലോചിച്ച് വിവിധ വകുപ്പുകളും ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്ത് വാര്‍ഡുതലം മുതലുള്ള ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. ജില്ലകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും എല്ലാ ജില്ലാകളിലെയും ഹോട്ട് സ്പോര്‍ട്ടുകള്‍ കൈമാറുകയും പ്രസിദ്ധികരിക്കുകയും വേണം. മരുന്നുകളുടെ ലഭ്യത ആശുപത്രികളില്‍ ഉറപ്പ് വരുത്തണം.
വരുന്ന 8 ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ഇത് ജില്ലാതലത്തില്‍ ഉറപ്പ് വരുത്തേണ്ടതാണ്.
സ്വകാര്യ ആശുപത്രികളിലെ പകര്‍ച്ചപ്പനി കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. മരണം പരമാവധി ഒഴിവാക്കാന്‍ പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്. ആയതിനായി സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ തുടര്‍പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികള്‍ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമാകാറായി കാണുന്നുണ്ട്. അതിനാല്‍ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം. എലിപ്പനി തടയുന്നതിനായി മണ്ണുമായും മലിനജലവുമായി ഇടപ്പെടുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. സ്വയം ചികിത്സ ഒഴിവാക്കണം. നീണ്ടുനില്‍ക്കുന്ന പനി വളരെ ശ്രദ്ധിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ മന്ത്രി നിര്‍ദേശിച്ചു.






