
കാലം അതിന്റെ ''യവനിക'' താഴ്ത്തിയപ്പോള്‍ മലയാള സിനിമയ്ക്ക് നഷ്ടമായത് ഒരു അതുല്യ പ്രതിഭയെയാണ്. കെ.ജി. ജോര്‍ജ് എന്ന ഒറ്റയാള്‍ പട്ടാളത്തിലൂടെയാണ് ഒരുകാലത്ത് മലയാള സിനിമ പടവെട്ടിയത്. മരംചുറ്റി പ്രേമവും പുരാണ കഥകളും ആഭിചാര-മന്ത്രവാദ കഥകളും കൊണ്ട് നിറഞ്ഞ മലയാള സിനിമയെ മാറ്റത്തിന്റെ ''പഞ്ചവടിപ്പാലമിട്ട്'' കരയ്ക്ക് കയറ്റിയത് കെ.ജി. ജോര്‍ജ് എന്ന ആണൊരുത്തനാണ്.
വര്‍ത്തമാനകാലത്ത് ഏറെ ചര്‍ച്ചചെയ്യുന്ന ന്യൂജെന്‍ സിനിമയ്ക്ക് ശരിക്കും വിത്തുപാകിയത് അദ്ദേഹം തന്നെ. ജോര്‍ജാണു മലയാളത്തിലെ നവസിനിമയുടെ പെരുന്തച്ചന്. മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഭാവങ്ങള്‍ തന്റെ സിനിമകളിലൂടെ അദ്ദേഹം കാട്ടിത്തന്നു. സ്വപ്നാടനം, ഉള്‍ക്കടല്‍, മേള, കോലങ്ങള്‍, യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍ ഉള്‍പ്പെടെ കെ.ജി. ജോര്‍ജിന്റേതായി എണ്ണം പറഞ്ഞ 19 സിനിമകള്‍.
1970കളില്‍ മലയാളത്തില്‍ പൊതുവെ തുറന്നുപറയാന്‍ മടിയുള്ള ഒരു വിഷയമായിരുന്നു സ്ത്രീ ലൈംഗികത. ലൈംഗികത വരുമ്പോള്‍ കടല്‍ കാണിച്ചും പൂക്കളെ കാണിച്ചും ഉദയം കാണിച്ചും ഫ്രെയിമുകള്‍ മാറി മറിഞ്ഞ കാലത്തുനിന്ന് പച്ചയ്ക്ക് സ്ത്രീപക്ഷ ലൈംഗികത അദ്ദേഹം പറഞ്ഞു. ''ആദാമിന്റെ വാരിയെല്ല്'' എന്ന സിനിമയില്‍ ''മെന്‍സസ്'' എന്ന വാക്ക് നായിക ഒന്നല്ല, പലവട്ടം പറഞ്ഞു.
യവനിക, ഇരകള്‍ എന്നീ സിനിമകളിലും സ്ത്രീപക്ഷ ലൈംഗികത ചര്ച്ചചെതു. യാഥാസ്ഥിതികരെ ഇതു കുറച്ചൊന്നുമല്ല അക്കാലത്ത് അലോസരപ്പെടുത്തിയത്. മലയാള സിനിമയുടെ ചരിത്രം അതിന്റെ സുവര്‍ണ കാലഘട്ടം എന്നു വിശേഷിപ്പിക്കുന്നതും ഏതു കാലത്ത് പുറത്തുവന്ന സിനിമയാണെങ്കിലും അതിനെ താരതമ്യം ചെയ്യുന്നതും എണ്‍പതുകളോടായിരിക്കും. അതിന്റെ മുന്‍നിരയില്‍ തന്നെയാണ് ജോര്‍ജിന്റെ ഇരിപ്പിടം. 1975 മുതല്‍ 1990വരെ 15 വര്‍ഷം നീണ്ടു, സിനിമയിലെ മാറ്റത്തിന്റെ ആ ശംഖൊലി.
15 വര്‍ഷങ്ങളില്‍ ഒന്നിനൊന്ന് മെച്ചമായ 19 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹത്തിന്റെ സിനിമകള്‍ കാണുമ്പോള്‍ അവയ്ക്ക് പുതുമ നഷ്ഠപ്പെട്ടിട്ടില്ലെന്നു നാം തിരിച്ചറിയുന്നു. ഒരിക്കലും സ്വയം ആവര്‍ത്തിക്കാതെ സിനിമയൊരുക്കിയ സംവിധായകന് കൂടിയാണദ്ദേഹം. ഓരോ സിനിമയ്ക്കും സ്വീകരിച്ചത് വൈവിധ്യമായ പ്രമേയങ്ങളായിരുന്നു.






