
ആലപ്പുഴ: പാറശാല ഷാരോൺ വധക്കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച മുഖ്യപ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. മാവേലിക്കര കോടതിയിൽ രാത്രിയോടെ അഭിഭാഷകരെത്തിയ ശേഷമാണ് ഗ്രീഷ്മയെ പുറത്തിറക്കിയത്. ജയിലില്നിന്നിറങ്ങയതിന് പിന്നാലെ പ്രതികരണം തേടിയ മാധ്യമപ്രവര്ത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.
ഇന്നലെയാണ് ഹൈക്കോടതി കേസിൽ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരത്ത് ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ സഹതടവുകാരുടെ പരാതിയെ തുടർന്നാണ് മാവേലിക്കര ജയിലിലേക്ക് മാറ്റിയത്. സമൂഹത്തിന്റെ വികാരം എതിരാണെന്നതിനാൽ ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ സാധിക്കില്ലെന്ന് ജാമ്യം അനുവദിച്ച് കൊണ്ട് കോടതി വ്യക്തമാക്കി. കേസ് അന്വേഷണവുമായി പ്രതി ഗ്രീഷ്മ സഹകരിച്ചിട്ടുണ്ട്. കുറ്റപത്രം നൽകിയിട്ടും ജാമ്യം നിഷേധിക്കണമെങ്കിൽ മതിയായ കാരണം വേണമെന്നും കോടതി പറഞ്ഞു. പ്രതിയ്ക്ക് ക്രിമിനൽ പശ്ചാത്തലവുമില്ല. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്ത് ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയായതായും ഗ്രീഷ്മ കോടതിയ്ക്ചൂ മുന്പില് ചൂണ്ടിക്കാട്ടി.
ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സെക്സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കാർപ്പിക്ക് എന്ന കളനാശിനിയാണ് കഷായത്തിൽ കലർത്തിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കൊലപാതകത്തിൽ പങ്കുള്ള ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്.
നെയ്യൂരിലെ സ്വകാര്യ കോളോജിൽ റേഡിയോളജി ബിരുദ വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട ഷാരോൺ. ബസ് യാത്രക്കിടയിലാണ് ഗ്രീഷ്മയെ പരിചയപ്പെട്ടത്. 10 മാസം നീണ്ട പ്രണയമായിരുന്നു ഇരുവരുടേതും. ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വന്നപ്പോൾ ബന്ധത്തിൽ നിന്ന് പിൻമാറാൻ ഷാരോൺ വിസമ്മതിച്ചു. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുൻ കാമുകൻ പ്രണയബന്ധത്തിൽ നിന്ന് പിന്മാറാതെ വന്നപ്പോഴാണ് ഗ്രീഷ്മ കഷായത്തിൽ കലക്കി നൽകിയത്. 10 ദിവസത്തിന് ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷാരോൺ മരിച്ചത്.
ആദ്യം പാറശ്ശാല പോലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തി. പിന്നീട്, പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മകൾ കൊലപാതകിയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകൾ നശിപ്പിച്ചുവെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
കുറ്റകൃത്യം നടന്നത് തമിഴ്നാട് പരിധിയിലാണെന്നും വിചാരണ നടത്തേണ്ടത് തമിഴ്നാട്ടിലാണെന്നും ആരോപിച്ച് ഗ്രീഷ്മ നൽകിയ മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജിയിൽ ഹൈക്കോടതി പിന്നീട് വാദം കേൾക്കും.






