
ന്യൂഡല്‍ഹി: കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ വിഘടനവാദി നേതാവുമായ ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയത് പാകിസ്താന് ചാരസംഘടനയായ ഐ.എസ്.ഐയെന്നു റിപ്പോര്‍ട്ട്. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മോശമാക്കാനും ഖലിസ്ഥാന്‍ ഭീകരരെ ഏകോപിപ്പിക്കാനുമായിരുന്നു കൊലപാതകമെന്ന സൂചന കേന്ദ്രസര്‍ക്കാരിനു ലഭിച്ചു.
കാനഡയിലെ ഐ.എസ്.ഐ. പ്രതിനിധികളായ രഹത് റാവുവും താരിഖ് കിയാനിയുമാണു നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. ഐ.എസ്.ഐക്കുവേണ്ടി കാനഡയിലെ ദൗത്യങ്ങള്‍ ചെയ്യുന്നത് ഇവരാണ്. ഐ.എസ്.ഐയുടെ സമ്മര്‍ദങ്ങള്‍ക്കു നിജ്ജാര്‍ പൂര്‍ണമായി വഴങ്ങാതിരുന്നതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സൂചന. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യയില്‍നിന്നു കുടിയേറുന്ന ഗുണ്ടാ സംഘങ്ങളെ ഖലിസ്ഥാന്‍ തീവ്രവാദത്തിനായി ഉപയോഗിക്കണമെന്നായിരുന്നു ഐ.എസ്.ഐയുടെ താല്പര്യം. എന്നാല്‍, നിജ്ജാര്‍ ഇതിനോട് വിയോജിച്ചു. പഴയ ഖലിസ്ഥാന്‍ ഭീകരരുമായായിരുന്നു അയാള്‍ക്ക് അടുപ്പം. ഇതോടെയാണു ഖലിസ്ഥാന്‍ ഭീകരര്‍ക്കു പുതിയ നേതൃത്വം വേണമെന്ന നിലപാടിലേക്ക് ഐ.എസ്.ഐ. എത്തിച്ചേര്ന്നതത്രേ.
നിജ്ജാറുമായി അടുത്തിടപഴകുന്നത് അജ്ഞാതര്‍ക്ക് അസാധ്യമാണ്. അയാള്‍ക്കു ചുറ്റും എപ്പോഴും അംഗരക്ഷകരും ഉണ്ടാകും. ഈ സാഹചര്യത്തില്‍ സാധാരണ ഗുണ്ടാ സംഘങ്ങള്‍ക്ക് അയാളെ ആക്രമിക്കുക പ്രയാസമാണ്. എന്നാല്‍, നിജ്ജാറിന്റെ താമസ സ്ഥലത്തിനു സമീപം നിരവധി മുന്‍ ഐ.എസ്.ഐ. ഉദ്യോഗസ്ഥരുടെ വീടുകളുണ്ട്. നിജ്ജാറിനെ നിരീക്ഷിക്കാനുള്ള ചുമതല ഇവരില്‍ ആര്‍ക്കെങ്കിലും നല്കിയിരിക്കാമെന്നാണു വിവരം.
ഭീകരര്‍ക്കിടയില്‍ നിജ്ജാര്‍ ശക്തിയാര്‍ജിക്കുന്നത് പാക് താല്പര്യത്തിനു വിരുദ്ധമായിരുന്നു. പ്രത്യേകിച്ച് പാകിസ്താന് ആസ്ഥാനമായുള്ള ഖലിസ്ഥാന്‍ നേതാക്കളായ വാധാവ സിങ്, രഞ്ജീത് സിങ് നീറ്റ എന്നിവര്‍ക്ക്. ഇവര്‍ക്കു പുറമേ വിഘടനവാദി നേതാവ് ഗുര്‍ചരണ്‍ പുന്നൂവും നിജ്ജാറിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരിക്കാമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ (കെ.ടി.എഫ്.) കാനഡയിലെ തലവനായ നിജ്ജാര്‍ കൊല്ലപ്പെട്ടത്. അയാളെ കൊലപ്പെടുത്തുന്നതിലൂടെ ഇന്ത്യ- കാനഡ ബന്ധം മോശമാക്കാനും ഐ.എസ്.ഐ. ശ്രമിച്ചെന്നാണു കേന്ദ്ര സര്‍ക്കാരിനു ലഭിച്ച വിവരം.






