
ചണ്ഡിഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാല്‍ സിംഗ് ഖയ്റ പോലീസ് അറസ്റ്റു ചെയ്തു. നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരമാണ് നടപടി. ഖയ്റയുടെ വീട്ടില്‍ പുലര്‍ച്ചെ റെയ്ഡ് നടത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഫസില്‍കയിലെ ജലാലാബാദില്‍ 2015ല്‍ രജിസ്റ്റര്‍ ചെയ്ത എന്‍ഡിപിഎസ് ആക്ട് പ്രകാരമാണ് നടപടി.
റെയ്ഡിനെത്തിയ പോലീസ് സംഘവുമായി എംഎല്‍എ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ അദ്ദേഹം തന്നെ ഫെയ്സ്ബുക്ക് ലൈവ് വഴി പുറത്തുവന്നിരുന്നു. പഞ്ചാബ് സര്‍ക്കാര്‍ മുര്‍ദ്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയില്‍ കാണാം.
കപൂര്‍ത്തല ഭോലതില് നിന്നുള്ള ജനപ്രതിനിധിയാണ് ഖയ്റ. ഓള് ഇന്ത്യ കിസാന്‍ കോണ്‍ഗ്രസ് ചെയര്മാന്കൂടിയാണ് ഖയ്റ.
കോണ്‍ഗ്രസ് നേതാവിന്റെ അറസ്റ്റ് പഞ്ചാബില്‍ 'ഇന്ത്യ' മുന്നണിയുടെ മുന്നോട്ടുപോക്കിനെ ബാധിക്കുമെന്ന് വ്യക്തമാണ്. പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് ശിരോമണി അകാലിദള്‍ രംഗത്തെത്തി. എഎപി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്നും ശിരോമണി അകാലിദള്‍ ആരോപിച്ചു.






