
തിരുവനന്തപുരം: പ്രമുഖ കാർട്ടൂണിസ്റ്റായ സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ ആറ്റിങ്ങലിലായിരുന്നു സുകുമാറിന്റെ ജനനം. എസ് സുകുമാരൻ പോറ്റി എന്നാണ് മുഴുവൻ പേര്. നർമകൈരളിയുടെയും കേരള കാർട്ടൂൺ അക്കാദമിയുടെയും സ്ഥാപകനേതാവ്. ഹാസമൊഴികളോടെ 12 മണിക്കൂർ അഖണ്ഡ ചിരിയജ്ഞം നടത്തി റെക്കോഡിട്ടു.
1932 ജൂലൈ 9-ന് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളുടെയും മൂത്ത മകനായി ജനിച്ചു. ബാല്യകാലം തിരുവനന്തപുരത്ത് ചെലവഴിച്ചു. ബിരുദധാരിയാണ്. ഡി.ഐ.ജി ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. നർമ്മകൈരളിയുടെ പ്രസിഡന്റായും കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനായും പ്രവർത്തിച്ചു.
വിദ്യാർഥികാലം മുതൽ വരയുണ്ട്. 1950-ൽ വികടനിലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. 1957-ൽ പൊലീസ് വകുപ്പിൽ ജോലിക്ക് കയറി. 1987-ൽ വിരമിച്ചശേഷം മുഴുവൻസമയ എഴുത്തിലും വരയിലും മുഴുകി. കഥയും നോവലും കവിതയും നാടകവും ഉൾപ്പെടെ 52 ഹാസഗ്രന്ഥങ്ങൾ സുകുമാറിന്റെതായുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.






