
സൂപ്പര്‍താരം രജനികാന്തി നേരില്‍ കണ്ട് പരിചയപ്പെട്ട അനുഭവം പങ്കുവച്ച് നിര്‍മാതാവ് ആന്റോ ജോസഫ്. ആ നിമിഷങ്ങളെ വിവരിക്കാന്‍ വാക്കുകള്‍ മതിയാകില്ലെന്നാണ് രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റോ ജോസഫ് കുറിച്ചത്.
''ഈ നിമിഷത്തെ വിവരിക്കാന്‍ വാക്കുകള്‍ മതിയാവില്ല.ഒറ്റവിരല്‍ ചലനം കൊണ്ട് ലോകത്തെ മുഴുവന്‍ ചൂളം വിളിപ്പിക്കുന്ന , രസികര്‍ മണ്ട്രങ്ങള്ക്ക് മുഴുവന്‍ ആത്മാവ് ആയ മനിതന്... അല്ല..മാന്ത്രികന്.
ഒരേയൊരു രജനികാന്ത് സാര്‍... അദ്ദേഹം ചേര്‍ത്തുപിടിച്ച നിമിഷം ഞാന്‍ അദ്ഭുതത്തെ തൊട്ടു. 2018 സിനിമ കണ്ടതിനുശേഷം രജനി സാര്‍ അണിയറ പ്രവര്‍ത്തകരെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇന്ന് സംവിധായകന് ജൂഡും, വേണു കുന്നപ്പള്ളിയും ഞാനും തിരുവനന്തപുരത്ത് രജനി സാറിനെ കണ്ടു. അദ്ദേഹം ഒരുപാട് സംസാരിച്ചു. 2018 ന് പിന്നിലുണ്ടായ അധ്വാനത്തെക്കുറിച്ച് അന്വേഷിച്ചു.
ഓസ്കര് പ്രവേശന നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചു. സിനിമയെന്ന തന്റെ എക്കാലത്തെയും വലിയ പ്രണയത്തെക്കുറിച്ച് വാചാലനായി.. ഞങ്ങള്‍ അവിടെ കണ്ടത് രജനികാന്ത് എന്ന അതിമാനുഷനായ താരത്തെയല്ല, തീര്‍ത്തും സാധാരണക്കാരനായ ഒരാളെയാണ്. ആ നല്ല മുഹൂര്‍ത്തങ്ങള്‍ക്ക് രജനി സാറിനും ദൈവത്തിനും നന്ദി...'', ആന്റോ ജോസഫ് പറഞ്ഞു.






