മധുര: ഒറ്റയാന് അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയമിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി. കണ്ണൂര്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ ആണ് കോടതിയെ സമീപിച്ചത്.
എന്നാല്‍, അധികാരികള്‍ ആവശ്യമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നും കോടതി അതില്‍ ഇടപെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് എസ്.എം സുബ്രഹ്മണ്യം, ലക്ഷ്മി നാരായണ്‍ എന്നിവരുടെ ബെഞ്ച് ഹര്‍ജി തള്ളിയത്.
രണ്ടാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ട കൊമ്പനാണ് അരിക്കൊമ്പന്. ചിന്നക്കനാല്‍ വനമേഖലയില്‍ ജീവിച്ച അരിക്കൊമ്പന് വനഭൂമി കയ്യേറി വച്ച വീടുകളും കടകളും മാത്രമാണ് നശിപ്പിച്ചതെന്നും മനുഷ്യ ജീവന് അപകടം വരുത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. വനഭൂമി കൈയേറി വീടുകളും ഹോട്ടലുകളും ഹോസ്റ്റലുകളും സ്ഥാപിച്ചതോടെ വന്യജീവികള്‍ക്ക് കുടിവെള്ളത്തിന് ബുദ്ധിമുട്ട് ഉണ്ടായി.
ഏപ്രില്‍ 26ന് കേരള വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ പെരിയാര്‍ റിസര്‍വ് ഫോറസ്റ്റില്‍ തുറന്നുവിട്ടു. കമ്പം ടൗണില്‍ ഭീതി പരത്തിയതോടെയാണ് ആനയെ തമിഴ്നാട് വനംവകുപ്പ് പിടികൂടി തിരുനെല്‍വേലിയിലെ കോതയാര്‍ വനഭൂമിയില്‍ തുറന്നുവിട്ടത്. എന്നാല്‍ ആനയുടെ സഞ്ചാരം വനംവകുപ്പ് നിരീക്ഷിക്കുന്നില്ലെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
സ്റ്റാലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലിന്റെ അടിസ്ഥാനത്തില്‍ ആനയുടെ സഞ്ചാരം നിരീക്ഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഡിവിഷന് ബെഞ്ചിനു മുമ്പാകെ എത്തിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.






