ആലപ്പുഴ: കുഞ്ഞ് അമീറയ്ക്ക് കാഴ്ച എന്നത് മമ്മൂട്ടിയുടെ സിനിമയുടെ പേരല്ല. അദ്ദേഹം തന്ന ജീവിത സൗഭാഗ്യമാണ്.ആലപ്പുഴ പുന്നപ്രയിലെ ഈ അഞ്ചു വയസ്സുകാരി വെളിച്ചത്തിലേക്ക്കൺ തുറക്കുമ്പോൾ മലയാളത്തിന്റെ മഹാനടന്റെ കാരുണ്യം ഒരിക്കൽ കൂടി പ്രകാശം പരത്തുന്നു. ലോക കാഴ്ച്ച ദിനമായ ഒക്ടോബർ 12ന് തന്നെ കാഴ്ച്ച ശക്തി നേടിയ അമീറ ആശുപത്രി വിടുന്നു എന്നതും മറ്റൊരു പ്രത്യേകത യാകുന്നു.
ജന്മനാ കാഴ്ച്ച ശക്തിയില്ലാതിരുന്ന ആലപ്പുഴ പുന്നപ്രക്കാരി കുഞ്ഞുഅമീറയുടെ കഥ മാധ്യമങ്ങളിലൂടെയാണ് ലോകം അറിഞ്ഞത്. സിദ്ധിക്ക് കാവ്യ ദമ്പതികളുടെ മൂന്നാമത്തെ മകളായ മൂന്ന് വയസ്സുകാരി അമീറക്ക് കാഴ്ച്ച ശക്തി തിരിച്ചുകിട്ടാൻ മധുരയിൽ പോകണമെന്നും വൻ തുക ആവശ്യമായി വരുമെന്നും ആലപ്പുഴയിലെ ഡോക്ടർമാർ പറഞ്ഞപ്പോൾ മുന്നിൽ മറ്റു വഴികൾ ഇല്ലാതിരുന്ന മാതാപിതാക്കളുടെ കഥ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.
ആലപ്പുഴയിലെ സാമൂഹിക പ്രവർത്തകനായ വാഹിദ് ഈ വാർത്ത കൾ മമ്മൂട്ടിയുടെ ഓഫീസിന് കൈമാറി. വാർത്തകൾ ശ്രദ്ധയിൽ പെട്ട മലയാളത്തിന്റെ മഹാ നടൻ ഉടനടി ഇടപെടുകയായിരുന്നു. തന്റെ ജീവ കാരുണ്ണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന കാഴ്ച്ച പദ്ധതിയിലേക്ക് അമീറയുടെ ചികത്സ മാറ്റാൻ നിർദ്ദേശിച്ച മമ്മൂട്ടി തുടർ ചികൽസക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഏറ്റെടുക്കുവാൻ കെയർ ആൻഡ് ഷെയറിനോട് നിർദ്ദേശിച്ചു.
അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ നേത്ര ബാങ്കിന്റെ സുവർണ ജൂബിലി പ്രമാണിച്ച് 50 കണ്ണ് മാറ്റി വക്കൽ ശസ്ത്രക്രിയകൾ സൗജന്യമായി നടത്തുവാൻ മമ്മൂട്ടി യുടെ കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷനും ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലും തമ്മിൽ ധാരണ ആയിരുന്നു.കാഴ്ച്ച പദ്ധതിയിലെ ആദ്യത്തെ കണ്ണ് മാറ്റിവക്കൽ ശാസ്ത്രക്രിയയായിരുന്നു അമീറയുടേത്.






