
തിരുവനന്തപുരം: സംസ്ഥാന തലത്തില്‍ ഐഎഎസ് ഓഫീസര്‍മാര്‍ക്ക് അഴിച്ചുപണി വന്നപ്പോള്‍ ദിവ്യാ എസ് അയ്യര്‍ക്ക് വിഴിഞ്ഞം പോര്‍ട്ട് ചുമതല. തുറമുഖം എംഡി.യായി ദിവ്യാ എസ് അയ്യരെ നിയമിച്ചു. പത്തനംതിട്ട ജില്ലാ കളക്ടര്‍ സ്ഥാനത്തു നിന്നുമാണ് വിഴിഞ്ഞത്തേക്ക് മാറ്റിയത്.
വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പല്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റുന്നത്. അദീല അബ്ദുല്ലയ്ക്ക് പകരമാണ് നിയമനം. കൂടുതല്‍ വകുപ്പുകളുടെ ആധിക്യം കൊണ്ടാണ് അദീലക്ക് മാറ്റമെന്നാണ് വിശദീകരണം. ഇന്നലെ വിഴിഞ്ഞത്ത് ആദ്യകപ്പല്‍ തീരമണഞ്ഞു.
നാല് ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയിരിക്കുന്നത്. പത്തനംതിട്ടയ്ക്ക് പുറമേ കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് മാറ്റം. എ ഷിബുവാണ് ദിവ്യയ്ക്ക് പകരമായി പുതിയ പത്തനംതിട്ടയിലെ കളക്ടറായി നിയോഗിച്ചിരിക്കുന്നത്. ആലപ്പുഴ കളക്ടറായിരുന്ന ഹരിത വി കുമാറെ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറാക്കി. ജോണ്‍ വി. സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടര്‍.
വിഴിഞ്ഞംപോര്ട്ടില് എത്തിയ ആദ്യാതിഥി ഷെങ് ഹുവ-15 എന്ന െചെനീസ് ചരക്കുകപ്പലായിരുന്നു. വാട്ടര്‍ സല്യൂട്ട് നല്‍കിയാണു കേരളം വരവേറ്റത്. 233.6 മീറ്റര്‍ നീളവും 42 മീറ്റര്‍ വീതിയുമുള്ള കപ്പലിനെ 70 ടണ്‍ ശേഷിയുള്ള മൂന്ന് ടഗ് ബോട്ടുകള്‍ തീരത്തടുപ്പിച്ചു.
ലോകത്തിലെതന്നെ മികച്ച ക്രെയിന്‍ നിര്‍മാതാക്കളായ ഷാങ്ഹായ് പി.എം.സിയുടെ കപ്പലാണ് ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കി വിഴിഞ്ഞം തുറമുഖത്തണഞ്ഞത്. തുറമുഖത്തിന് ആവശ്യമായ ക്രെയിനുകളാണു കപ്പലിലുള്ളത്.
വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം 15-നാണ്. മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിന്റെ അന്തിമരൂപമായിട്ടില്ല. ആദ്യകപ്പലിന്റെ ഔദ്യോഗികസ്വീകരണവും അന്ന് നടക്കും.






