
കൊച്ചി: സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളില്‍ ബിരുദ കോഴ്സ് പ്രവേശന തീയതി നീട്ടിക്കിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. സര്‍ക്കാര്‍, സ്വാശ്രയ കോളജുകളിലായി 13,600 ബി.ടെക് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണിത്. തീയതി ഈ മാസം 31 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടാണു സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹര്‍ജി നല്‍കുന്നത്.
എന്‍ജിനീയറിങ് പ്രവേശന നടപടികള്‍ കഴിഞ്ഞമാസം 15 നു അവസാനിച്ചിരുന്നു. തിയതി നീട്ടിയാല്‍ മറ്റു കോഴ്സുകളില്‍ അഡ്മിഷന് നേടിയവര്‍ക്ക് ഒഴിവുള്ള എന്‍ജിനീയറിങ് സീറ്റുകളില്‍ പ്രവേശനം നേടാന്‍ അവസരം ലഭിക്കും. കാനഡ, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളില്‍നിന്നും മടങ്ങിപ്പോന്ന വിദ്യാര്‍ഥികള്‍ നാട്ടില്‍ പ്രവേശനം തേടി കോളജുകളെ സമീപിക്കുന്നുണ്ട്. എന്നാല്‍, തീയതി കഴിഞ്ഞതിനാല്‍ പ്രവേശനം നല്‍കാനാത്ത സ്ഥിതിയാണ്.വിദ്യാര്‍ഥികളുടെ വന്‍തോതിലുള്ള കുടിയേറ്റവും നാട്ടിലെ കോഴ്സുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനു കാരണമാണ്്.
ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലാണു (എ.ഐ.സി.ടി.ഇ.) പ്രവേശന തീയതി നിശ്ചയിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം തീയതി വീണ്ടും നീട്ടി നല്കാന് കൗണ്‍സിലിനു കഴിയില്ല. പഞ്ചാബ് സര്‍ക്കാര്‍ അടുത്തിടെ സുപ്രീം കോടതിയെ സമീപിച്ചു പ്രവേശന തീയതി നീട്ടി വാങ്ങിയതിന്റെ ചുവടുപിടിച്ചാണു കേരളവും ഹര്‍ജി നല്‍കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് എന്‍ജിനീയറിങ് കോളജുകളില്‍ ഒഴിവുള്ള ബി.ടെക്കിലേക്കു സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് കഴിഞ്ഞമാസം കേന്ദ്രീകൃത സ്പോട്ട് അലോട്ട്മെന്റ് സംഘടിപ്പിച്ചിട്ടും ഒഴിവുകള്‍ നികത്താനായിട്ടില്ല.






