
പത്തനംതിട്ട: അതീവസുരക്ഷാ മേഖലയായ ശരംകുത്തിയില്‍ നിന്ന് ബി.എസ്.എന്‍.എല്‍ കേബിളുകള്‍ മുറിച്ചു കടത്തിയത് വന്‍ സുരക്ഷാ വീഴ്ച. വനം വകുപ്പിന്റെയും പോലീസിന്റെയും അനാസ്ഥ മുതലാക്കിയാണ് പ്രതികള്‍ വനത്തില്‍ അതിക്രമിച്ചു കടന്നതും കേബിളുകള്‍ മോഷ്ടിച്ചതും. പമ്പ-മുതല്‍ സന്നിധാനം വരെ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളില്‍ പ്രതികളുടെ ചിത്രം പതിയുകയും ചെയ്തിരുന്നു. ഈ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നവര് പ്രതികള്‍ അതിക്രമിച്ച് കയറിയത് കണ്ടില്ലെന്നു വേണം കരുതാന്‍.
പോലീസ് പറയുന്നത് ചെളിക്കുഴിയില്‍ നിന്ന് കാട്ടിലൂടെ കടന്നാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ്. ചെളിക്കുഴിയിലേക്ക് പ്രതികള്‍ ചെന്നത് ത്രിവേണി വഴിയാണ്. ഏഴംഗസംഘം ത്രിവേണി വഴി വലത്തേക്ക് തിരിഞ്ഞ് കാട്ടിലൂടെ കയറിയാണ് ചെളിക്കുഴിയിലെത്തിയത്.
ശബരിമല നട തുറക്കാത്ത സമയങ്ങളിലും കര്‍ശന സുരക്ഷ ഇവിടെ വേണമെന്നാണ്. എന്നാല്‍, എത്ര മാത്രം ലാഘവത്തോടെയാണ് സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിന് തെളിവായി കേബിള്‍ മോഷണം. മോഷണ വിവരം പുറത്തറിയുകയും െഹെന്ദവ സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തു വരികയും ചെയ്തതോടെയാണ് പോലീസ് ഉണര്‍ന്നത്. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നേതൃത്വത്തില്‍ ഡിെവെ.എസ്.പിമാരുടെ സംഘം കഴിഞ്ഞ ദിവസം പമ്പയിലെത്തി പരിശോധന നടത്തിയിരുന്നു. ശരംകുത്തിയിലെ നിരീക്ഷണ കാമറകളില്‍ നിന്നാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.
പ്രതികളില്‍ അയ്യപ്പദാസ്, മുഹമ്മദ് ജലീല്‍, വിക്രമന് എന്നിവര്‍ കഴിഞ്ഞ മുപ്പതോളം വര്‍ഷമായി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ജലീല്‍ നന്നേ ചെറുപ്പത്തില്‍ ശബരിമലയിലെത്തിയ ആളാണ്. പമ്പ-ശബരിമല പാതയില്‍ കച്ചവടവുമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് കാട്ടിലെ ഊടുവഴികള്‍ മനഃപാഠമാണ്. ഇവരാണ് മോഷണം ആസൂത്രണം ചെയ്തത്. നടപ്പാക്കുന്നതിനായി മറ്റു പ്രതികളെ വിളിച്ചു വരുത്തി. എവിടെ നിന്ന് കാട്ടിലേക്ക് കയറണം, എവിടെയൊക്കെ കാമറകളുണ്ടാകും എന്നൊക്കെയുള്ള വിവരം മൂന്നംഗ സംഘം മറ്റുള്ളവര്‍ക്ക് നല്കി. ഒപ്പം പോലീസിന്റെയും വനംവകുപ്പിന്റെയും അനാസ്ഥ കൂടിയായതോടെ കാര്യങ്ങള്‍ എളുപ്പമായി.
ശബരിമല സന്നിധാനത്തേക്ക് നുഴഞ്ഞു കയറുന്നതിന് യാതൊരു പ്രയാസവുമില്ലെന്ന് ഈ സംഭവം തെളിയിച്ചിരിക്കുന്നു. ഇതിന് മുന്‍പാണ് അതീവ സുരക്ഷാ മേഖലയായ പൊന്നമ്പലമേട്ടില്‍ ഒരു സംഘം അതിക്രമിച്ചു കയറി പൂജ നടത്തിയത്. ഗവി റൂട്ടില്‍ വന്ന സംഘം വനംവാച്ചര്‍മാരുടെ സഹായത്തോടെയാണ് പൊന്നമ്പല മേട്ടിലെത്തി പൂജ നടത്തിയത്.






