
രണ്ട് പേർക്കുള്ള ഭക്ഷണം ബാങ്കിന്റെ ചെലവിൽ വാങ്ങി പങ്കാളിയോടൊപ്പം കഴിച്ചതിന് ശേഷം മുഴുവൻ ഭക്ഷണവും താനാണ് കഴിച്ചതെന്ന് നുണ പറഞ്ഞതിന് ജീവനക്കാരനെ തിരിച്ചുവിട്ട ബാങ്ക് നടപടി ശരിവെച്ച് കോടതി വിധി. ഗുരുതരമായ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി ലണ്ടനിലെ സിറ്റി ബാങ്കിൽ ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്തിരുന്നതിന് സാബോൾക്സ് ഫെകെറ്റിനെയാണ് ബാങ്ക്, ജോലിയിൽ നിന്നും പിരിച്ച് വിട്ടത്.
2022 ജൂലൈയിലെ ആംസ്റ്റർഡാമിലേക്കുള്ള ഔദ്യോഗിക യാത്രയിൽ കമ്പനിയെ തെറ്റിദ്ധരിപ്പിക്കും വിധം പെരുമാറിയെന്നാണ് ഇയാളുടെ മേൽ ചുമത്തപ്പെട്ട കുറ്റം. ഫെക്കെറ്റിനോട് യാത്രാ ചെലവുകൾ ചോദിച്ചപ്പോൾ ഇദ്ദേഹം ബാങ്ക് അധികൃതർക്ക് അയച്ച ഇമെയിൽ സന്ദേശമാണ് പിരിച്ചുവിടലിലേക്ക് നയിച്ചത്. യാത്രയ്ക്കിടയിൽ ഇദ്ദേഹം ചെലവിൽ കാണിച്ചിരുന്നത് രണ്ടു സാൻവിച്ചുകളും രണ്ട് കോഫികളും രണ്ടു പാസ്തകളുമായിരുന്നു. യഥാർത്ഥത്തിൽ എല്ലാ വിഭവത്തിന്റെയും ഓരോ ഐറ്റം യാത്രയിൽ ഇയാളോടൊപ്പം ഉണ്ടായിരുന്ന പങ്കാളിക്കായി വാങ്ങിയതായിരുന്നു. എന്നാൽ ബാങ്കിൽ നൽകിയ മറുപടിയിൽ അവയെല്ലാം താൻ തന്നെയാണ് കഴിച്ചതെന്നാണ് ഫെക്കെറ്റ് അവകാശപ്പെട്ടു. മാത്രമല്ല ബാങ്ക് അനുവദിച്ചിട്ടുള്ള പ്രതിദിന യാത്ര ചെലവായ 100 യൂറോയിൽ കൂടുതലായി താനൊരു തുക പോലും ചെലവാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ ഇയാളുടെ മറുപടി വിശ്വാസ യോഗ്യമല്ലെന്ന് കണ്ടെത്തിയ സിറ്റി ബാങ്ക് ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി. തുടര്‍ന്ന് സിറ്റി ബാങ്കിൽ ജോലി ചെയ്യാത്ത പങ്കാളി തന്നോടൊപ്പം യാത്ര ചെയ്തതായി ഫെക്കെറ്റ് സമ്മതിച്ചു. എന്നാൽ, ഭക്ഷണമെല്ലാം താൻ തന്നെയാണ് കഴിച്ചതെന്ന് അദ്ദേഹം വീണ്ടും അവകാശമുന്നയിച്ചു. ഫെക്കെറ്റ് നുണ ആവര്‍ത്തിച്ചതോടെ ഇയാളെ സിറ്റി ബാങ്ക് ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. തുടർന്ന് തന്നെ അന്യായമായി പിരിച്ചുവിട്ടെന്ന് ആരോപിച്ച് ഫെക്കെറ്റ് കോടതിയെ സമീപിച്ചു. എന്നാൽ കേസ് പരിഗണിച്ച ജഡ്ജി ബാങ്കിന് അനുകൂലമായി വിധിക്കുകായിരുന്നു.






